SignIn
Kerala Kaumudi Online
Saturday, 06 June 2026 5.24 AM IST

ഒരു ഗ്രാമത്തിന്റെ ജലഭയം മാറ്റിയ 'സ്വിം തരൂർ'

swimming
സ്വിം തരൂർ നീന്തൽ പരിശീലന പദ്ധതി പൂർത്തിയാക്കിയ കുട്ടികൾക്കൊപ്പം പി.പി.സുമോദ് എം.എൽ.എ.

 നീന്തൽ പ്രതിഭകളെ വളർത്തുന്ന ജനകീയ മുന്നേറ്റം


വടക്കഞ്ചേരി: ഒരു കാലത്ത് വെള്ളം കണ്ടാൽ ഭയന്നിരുന്ന നൂറുകണക്കിന് കുട്ടികൾ ഇന്ന് ആത്മവിശ്വാസത്തോടെ നീന്തിക്കയറുകയാണ്. അപകടങ്ങളിൽ നിന്ന് ജീവൻ രക്ഷിക്കാനുള്ള കഴിവ് മാത്രമല്ല, കായികരംഗത്ത് ഉയരങ്ങൾ കീഴടക്കാനുള്ള സ്വപ്നവും അവർക്ക് കൈമുതലായി. 'സ്വിം തരൂർ' എന്ന ജനകീയ നീന്തൽ പരിശീലന പദ്ധതിയാണ് ഈ മാറ്റത്തിന് പിന്നിൽ. കുട്ടികളിലെ വെള്ളംപേടി അകറ്റുക, മുങ്ങിമരണങ്ങൾ കുറയ്ക്കുക, ഭാവിയിലെ നീന്തൽ താരങ്ങളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചത്. അഞ്ചാംഘട്ട പരിശീലനം പൂർത്തിയാകുമ്പോൾ പദ്ധതിയിലൂടെ 1,100ലധികം കുട്ടികൾ നീന്തൽ അഭ്യസിച്ചത്. മുങ്ങിമരണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പി.പി.സുമോദ് എം.എൽ.എയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ഇന്ന് തരൂർ മണ്ഡലത്തിലെ ശ്രദ്ധേയമായ സാമൂഹികകായിക ഇടപെടലായി മാറി. അഞ്ച് വയസിന് മുകളിലുള്ള കുട്ടികൾക്കായി പൂർണമായും സൗജന്യമായി, ശാസ്ത്രീയ പരിശീലനരീതികളോടെ നടപ്പാക്കിയ പദ്ധതിക്ക് രക്ഷിതാക്കളിളുടെ വലിയ പിന്തുണയാണ് ലഭിച്ചത്. വടക്കഞ്ചേരി കമ്മാന്തറ മദർ തെരേസ യൂ.പി സ്‌കൂൾ നീന്തൽക്കുളത്തിലും മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കുളങ്ങളിലുമായാണ് പരിശീലനം സംഘടിപ്പിച്ചത്. വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ സുരക്ഷയ്ക്കും സാങ്കേതിക മികവിനും ഒരുപോലെ പ്രാധാന്യം നൽകി. കമ്മാന്തറ സ്‌കൂളിലെ പരിശീലനത്തിന് പ്രേമകുമാരിയാണ് നേതൃത്വം നൽകിയത്. സ്വിം തരൂരിന്റെ ഏറ്റവും വലിയ നേട്ടം കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെന്നതാണ്. വെള്ളത്തിലിറങ്ങാൻ പോലും ഭയന്നിരുന്ന പല കുട്ടികളും ഇന്ന് സ്വതന്ത്രമായി നീന്താൻ പഠിച്ചു. ചിലർ മത്സരനീന്തലിലേക്ക് കടക്കാനുള്ള താൽപര്യവും പ്രകടിപ്പിക്കുന്നുണ്ട്. ഇതിലൂടെ ഗ്രാമീണ മേഖലകളിൽ നിന്നുള്ള പുതിയ നീന്തൽ പ്രതിഭകളെ കണ്ടെത്താനും വളർത്താനും പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. അഞ്ചാംഘട്ട പരിശീലനത്തിന്റെ സമാപനച്ചടങ്ങിൽ പി.പി.സുമോദ് കുട്ടികൾക്ക് മധുരം നൽകി അഭിനന്ദിച്ചു. നീന്തൽ പരിശീലന പദ്ധതി എന്നതിലുപരി, സുരക്ഷിതമായൊരു തലമുറയെയും ഭാവിയിലെ കായികതാരങ്ങളെയും വാർത്തെടുക്കുന്ന ജനകീയ പ്രസ്ഥാനമായി 'സ്വിം തരൂർ' മാറിക്കഴിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, SWIMMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL