SignIn
Kerala Kaumudi Online
Tuesday, 21 July 2026 11.46 PM IST

ഇന്ത്യയിലുള്ളത് അംബാനിയുടെ വീട്ടിൽ, അതിസമ്പന്നർക്ക് മാത്രമുള്ള മുറി; ഒരാഴ്‌ചത്തേക്ക് വേണ്ടത് 200 ലിറ്ററിലധികം വെള്ളം

snow-room
പ്രതീകാത്മക ചിത്രം

എല്ലാ മനുഷ്യർക്കും ജീവിക്കാൻ പണം ആവശ്യമാണ്. ദൈനംദിന ജീവിതത്തിനായി പണമുണ്ടാക്കാൻ ചിലർ നെട്ടോട്ടമോടുമ്പോൾ മറ്റുചിലരാകട്ടെ ആഡംബരത്തോടെ ജീവിക്കുന്നു. ചിലർക്ക് ആവശ്യത്തിനുപോലും ചെലവാക്കാൻ പണമില്ലാത്തപ്പോൾ മറ്റുചിലർ പണം ചെലവാക്കാനായി ആഡംബര ഭവനം, വാഹനങ്ങൾ തുടങ്ങിയ മാർഗങ്ങൾ കണ്ടെത്തുന്നു. സമൂഹത്തിന്റെ തന്റെ ഈ രണ്ട് തലങ്ങളിലുള്ളവർ ലോകം മുഴുവനുമുണ്ട്. നമ്മുടെ നാട്ടിലെ സമ്പന്നർ ആഡംബര മാളിക ഉൾപ്പെടെ പണിയുമ്പോൾ വിദേശത്തെ സമ്പന്നർ ചെയ്യുന്ന ആഡംബരമാണ് സ്‌നോ റൂം.

തണുപ്പുകാലത്തെ അനുകരിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്‌തിട്ടുള്ള മുറികളാണിത്. ആഡംബരത്തിന്റെ പ്രതീകമായി ഈ മുറികൾ മാറിയിരിക്കുകയാണ്. യുഎസിലും യൂറോപ്പിലുമെല്ലാം വർദ്ധിച്ചുവരുന്ന താപനിലയിൽ നിന്ന് രക്ഷനേടാനാണ് പലരും ഈ മുറികൾ നിർമിക്കുന്നത്.

എന്താണ് സ്‌നോ റൂം?

ഐസും മഞ്ഞും ചേർന്നൊരു മുറിയാണിത്. ചില മുറികളിൽ മഞ്ഞുപാളികൾ സീലിംഗിൽ നിന്ന് താഴേക്ക് വീഴും. ഇത് യഥാർത്ഥ മഞ്ഞിന്റെ പ്രതീതി സൃഷ്‌ടിക്കുന്നു. റിസോർട്ടുകൾക്കായി മഞ്ഞ് ഉൽപ്പാദിപ്പിക്കുന്ന ഇറ്റലിയിലെ ടെക്നോ ആൽപിൻ, അമേരിക്കൻ സ്‌പാ ബട്ട്ലർ എന്നീ കമ്പനികളാണ് സ്‌നോ റൂമിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങൾ.

snow-room
പ്രതീകാത്മക ചിത്രം

വീടിനുള്ളിൽ ഈ മുറി വച്ചാൽ മാത്രംപോര ഇത് എങ്ങനെയാണ് ശരിയായ രീതിയിൽ തണുപ്പിച്ച് ഉപയോഗിക്കേണ്ടതെന്നും ഉടമകൾ അറിഞ്ഞിരിക്കണമെന്ന് ടെക്നോ ആൽപിൻ മാർക്കറ്റിംഗ് ഡയറക്ടർ സാറ ബ്രെന്നിംഗർ പറഞ്ഞു. യുഎസിൽ ഇതിനോടകം തന്നെ നിരവധി സ്‌നോ റൂമുകൾ നിർമിച്ചിട്ടുണ്ടെന്നാണ് സ്‌പാ ബട്‌ലറിന്റെ സഹസ്ഥാപകനായ ടൈലർ സ്ലേറ്റർ പറയുന്നത്. പലയിടത്തും നിർമാണം പുരോഗമിക്കുന്നുമുണ്ട്. പാറ, ആഡംബര മാർബിൾ, മരം തുടങ്ങിയവയിലാണ് മുറികൾ നിർമിക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉടമസ്ഥതയിലുള്ള കൂറ്റൻ ആഡംബര കപ്പലിലും ഇത്തരത്തിൽ ഒരു സ്‌നോ റൂമുണ്ട്.

സ്‌നോ റൂമുകളുടെ നിർമാണച്ചെലവ്

ഏകദേശം 130,000 ഡോളർ (1.25 കോടി രൂപ) ആണ് ഓരോ സ്‌നോ റൂമും നിർമിക്കാൻ വേണ്ടിവരുന്ന ചെലവ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ അതിന് പ്രത്യേക തുക ഈടാക്കുന്നതാണ്. മാത്രമല്ല, ഈ മുറികൾ ഉപയോഗിക്കുമ്പോൾ ധാരാളം പണം ചെലവാക്കേണ്ടിവരും. ആഴ്‌ചയിൽ ഏകദേശം 200 ലിറ്റർ വെള്ലമാണ് സ്‌നോ റൂമിന് വേണ്ടിവരിക. മുറിയുടെ വലുപ്പം അനുസരിച്ച് ഇതിൽ മാറ്റം വരും.

കഴിഞ്ഞ പത്ത് വർഷമായി സ്‌നോ റൂമുകളുണ്ടെങ്കിലും അടുത്തിടെയാണ് അവയ്‌ക്ക് കൂടുതൽ പ്രചാരം ലഭിച്ചത്. വർദ്ധിച്ചുവരുന്ന തീവ്രമായ ഉഷ്‌ണതരംഗങ്ങൾ തന്നെയാണ് പ്രധാന കാരണം. ഇക്കഴിഞ്ഞ ജൂണിൽ അതികഠിനമായ ചൂടാണ് യൂറോപ്പിൽ അനുഭവപ്പെട്ടത്. ബെൽജിയം, ബ്രിട്ടൺ, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ താപനില റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു. ഇത് ജനങ്ങളിൽ വളരെയധികം അസ്വസ്ഥതകൾക്ക് കാരണമായി. അമിതമായ ചൂട് കാരണം യൂറോപ്പിലെ രാജ്യങ്ങളിൽ പതിനായിരത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.

snow-room
പ്രതീകാത്മക ചിത്രം

യുഎസിൽ ജൂലായ് മാസത്തിൽ പോലും കടുത്ത ചൂട് അനുഭവപ്പെട്ടു. ഇതോടെയാണ് ചൂടിനെ നേരിടാൻ അതിസമ്പന്നർ അവരുടെ വീടുകളിൽ സ്‌നോ റൂമുകൾ നിർമിക്കാൻ തീരുമാനിച്ചത്. ലോകമെമ്പാടുമുള്ള സമ്പന്നർ ആഡംബരത്തിന്റെ പ്രതീകമായും ഇപ്പോൾ ഈ സ്‌നോ റൂമുകളെ കാണുന്നുണ്ട്.

ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം, ശതകോടീശ്വരന്മാരുടെ എണ്ണം 13 ശതമാനം വർദ്ധിച്ച് 3,302 ആയിരിക്കുകയാണ്. കഴിഞ്ഞ വർഷവും ഇതേരീതിയിൽ സമ്പന്നരുടെ എണ്ണം വർദ്ധിച്ചിരുന്നു. ഇത്തരത്തിൽ സമ്പന്നർ കൂടുമ്പോൾ അവർ പണം ചെലവഴിക്കാനുള്ള പുതിയ വഴികൾ കണ്ടെത്തുന്നു. അങ്ങനെയാണ് സ്‌നോ റൂമുകൾ, അത്യാഡംബര സ്വിമ്മിംഗ് പൂളുകൾ, ഹോം തീയേറ്ററുകൾ പോലുള്ളവ വീടിനുള്ളിൽ തന്നെ നിർമിക്കുന്ന രീതി തുടങ്ങിയത്. ഇന്ത്യയിൽ മുകേഷ് അംബാനിയുടെ ആഡംബര ഭവനമായ ആന്റിലിയയിലും ഈ സ്‌നോ റൂമുണ്ട്.

English Summary

Wealthy individuals are increasingly installing luxury "snow rooms" in their homes and vessels worldwide. These climate-controlled spaces, costing around $130,000, mimic winter with real ice and snow, offering an escape from rising global temperatures and intense heatwaves, particularly in Europe and the US. This trend signifies a new symbol of extreme opulence among the ultra-rich.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNOW ROOMS, EXPLAINER, LUXURY HOME ROOM, BILLIONAIRE HOUSE, SWIMMING POOL ROOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360