SignIn
Kerala Kaumudi Online
Monday, 12 October 2026 6.03 AM IST

മുതലമടയിൽ മാവിന് മരുന്നടി തുടങ്ങി

mango
മുതലമട കാടംകുറിശ്ശി പത്തിച്ചിറയിൽ സ്വാകാര്യ വ്യക്തിയുടെ മാവിൻ തോട്ടത്തിൽ ഭീമൻ ടാങ്കിൽ മരുന്ന് കലക്കി അടിക്കുന്നു.

 ജനങ്ങൾ ആശങ്കയിൽ

മുതലമട: ഇന്ത്യയുടെ മാംഗോ സിറ്റി ആയ മുതലമടയിൽ മാവുകൾക്ക് മരുന്നടി തുടങ്ങിയതോടെ ജനങ്ങളുടെ ആശങ്കയും വർദ്ധിക്കുകയാണ്. വർഷം 1000 കോടിയിലധികം രൂപയുടെ വിറ്റുവരവുള്ള 6000 ഹെക്ടർ മാവിൻ കൃഷിയ്ക്കായി വൻതോതിൽ കീടനാശിനി അടിക്കുന്നതാണ് ആശങ്കയ്ക്ക് കാരണം. 2000ൽ അധികം കർഷകർ, 250 കയറ്റുമതി കേന്ദ്രങ്ങൾ, ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ... ഇതാണ് മുതലമടയിലെ മാവ് സാമ്രാജ്യം. എന്നാൽ ഈ സാമ്രാജ്യം കെട്ടിപ്പൊക്കുന്നത് ജനങ്ങളുടെ ശ്വാസകോശം കരിച്ചുകൊണ്ടാണ്. 2000 മുതൽ 5000 ലിറ്റർ വരെ വെള്ളം കൊള്ളുന്ന ഭീമൻ ടാങ്കുകളിൽ മാരക കീടനാശിനി കലക്കി ശക്തിയേറിയ മോട്ടറുകൾ ഉപയോഗിച്ച് ആകാശത്തേക്ക് മരുന്ന് ചീറ്റിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. മരുന്ന് തളിക്കാൻ മാത്രം ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളുണ്ട്. അവർക്ക് മാസ്‌കില്ല, സുരക്ഷയില്ല.

 മരുന്നടി ഏഴ് മാസം

പൂവിടുന്നത് മുതൽ മാങ്ങ പറിക്കുന്നത് വരെ ഏഴ് മാസം നീളുന്ന മരുന്നടി. മാങ്ങയ്ക്ക് നിറവും തിളക്കവും കൂട്ടാൻ നിരോധിച്ച വിഷം വരെ ഉപയോഗിക്കുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. പല കർഷകരും തമിഴ്നാട്ടിൽ നിന്ന് മൊത്തവിലയ്ക്കാണ് മരുന്നുകൾ വാങ്ങുന്നത്. ടാക്സ് വെട്ടിപ്പ് നടത്തി അതിർത്തികളിലെ ഊടുവഴികളിലൂടെയാണ് സംസ്ഥാനത്ത് എത്തിയ്ക്കുന്നത്.

 അധികൃതരുടെ അനാസ്ഥ

പ്രതിവർഷം 1000 കോടിയുടെ ബിസിനസ് നടക്കുന്ന സ്ഥലത്ത് എന്ത് മരുന്നാണ് അടിക്കുന്നത് എന്ന് ചോദിച്ചാൽ കൃഷി വകുപ്പിന് ഉത്തരമില്ല. കർഷകരുടെ ലിസ്റ്റില്ല, മരുന്നിന്റെ കണക്കില്ല, പരിശോധിക്കാൻ ലാബില്ല, ഉദ്യോഗസ്ഥനില്ല. പലവിധ മരുന്നുകൾ പരിശോധിക്കാൻ സർക്കാർ സംവിധാനമില്ല. ആരോഗ്യ വകുപ്പും വിഷയം ഗൗരവമായെടുത്തിട്ടില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും ജില്ലാ കളക്ടർക്കും മനുഷ്യാവകാശ കമ്മീഷനും ഹരിത ട്രൈബ്യൂണലിനും പരാതി കൊടുക്കാൻ ഒരുങ്ങുകയാണിവർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MANGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL