പാലക്കാട്: വോട്ടർപട്ടിക പ്രത്യേക പുതുക്കലിന്റെ (സ്പെഷ്യൽ സമ്മറി റിവിഷൻ 2027) ഭാഗമായി നവംബർ 12ന് കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടർ കെ.സുധീർ അറിയിച്ചു. കരട് പ്രസിദ്ധീകരിക്കുന്നത് മുതൽ ഡിസംബർ 11 വരെ പട്ടികയിൽ പേര് ചേർക്കാനും പേര് നീക്കം ചെയ്യാനും ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പേരുമാറ്റാനും, തിരിച്ചറിയൽ കാർഡിലെ വിവരങ്ങളിൽ തിരുത്തലുകൾ വരുത്താനും അവസരമുണ്ട്. പട്ടികയിൽ പേര് ചേർക്കുന്നതിന് ഫോം 6 അപേക്ഷയോടൊപ്പം നൽകേണ്ടിയിരുന്ന അധിക ഫോം ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ എല്ലാ വില്ലേജ് ഓഫീസുകളിലും പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള 'സ്പെഷ്യൽ ഡ്രൈവ് ഫോർ എന്റോൾമെന്റ്' നടത്തിവരുന്നുണ്ടെന്നും ജില്ലാ കലക്ടർ പറഞ്ഞു. വോട്ടർപട്ടികയുടെ പ്രത്യേക പുതുക്കലുമായി ബന്ധപ്പെട്ട് പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ 1200ൽ കൂടുതൽ വോട്ടർമാരുള്ള 38 പോളിംഗ് സ്റ്റേഷനുകളിൽ പരമാവധി വോട്ടർമാരുടെ എണ്ണം 1200ൽ താഴെയായി ക്രമീകരിക്കും. ഇത്തരം പുനഃക്രമീകരണങ്ങൾ പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ പുതിയ പോളിംഗ് സ്റ്റേഷനുകൾ രൂപീകരിക്കും. വോട്ടർമാർ കൂടുതലുള്ള ബൂത്തിൽ നിന്ന് തൊട്ടടുത്തുള്ള എണ്ണം കുറഞ്ഞ ബൂത്തുകളിലേക്ക് മാറ്റുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. സ്പെഷ്യൽ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബർ 12 മുതൽ ഡിസംബർ 11 വരെ സ്വീകരിക്കും. ഇവയിൽ തീർപ്പു കൽപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 28 ആണ്. 2027 ജനുവരി 4ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും. ഇതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസർമാർ വിളിച്ചുചേർക്കുന്ന യോഗത്തിൽ എല്ലാ രാഷ്ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുക്കണം. പോളിംഗ് സ്റ്റേഷൻ/ വോട്ടർമാരുടെ പുനഃക്രമീകരണത്തിൽ സഹകരിക്കണം. എല്ലാ രാഷ്ട്രീയകക്ഷികളും ഓരോ ബൂത്തിലും ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ പി.ഷിബു, ആർ.ആർ ഡെപ്യൂട്ടി കളക്ടർ പി.കെ.മണികണ്ഠൻ, എൽ.ആർ ഡെപ്യൂട്ടി കളക്ടർ ആർ.മുരളി മോഹൻ, ആർ.ഡി.ഒ കെ.ദേവകി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |