SignIn
Kerala Kaumudi Online
Saturday, 27 June 2026 2.47 AM IST

മലയോര മേഖയിൽ പകർച്ചപ്പനി വ്യാപകം

വിതുര: മലയോരമേഖലയിൽ പകർച്ചപ്പനി വ്യാപകമാകുന്നു.വിതുര,തൊളിക്കോട് പഞ്ചായത്തുകളിലും സമീപത്തുമാണ് പനി പടരുന്നത്. കടുത്ത പനി,ജലദോഷം,ചുമ,തുമ്മൽ,തലവേദന,ശ്വാസംമുട്ടൽ, ശരീരദേവദ എന്നീ രോഗങ്ങളാണ് പടരുന്നത്. ഛർദ്ദിയും വയറിളക്കരോഗവുമുണ്ട്.

വിതുര,തൊളിക്കോട്, പെരിങ്ങമ്മല,നന്ദിയോട് പഞ്ചായത്തുകളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നത്. രോഗികളുടെ എണ്ണം അനുദിനം ഉയരുകയാണ്. അനവധിപേരെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്കും, നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും റഫർ ചെയ്തിട്ടുണ്ട്. സ്വകാര്യ,ആയുർവേദ ആശുപത്രികളിലും പനി ബാധിതരേറുകയാണ്.

ആശുപത്രികൾ നിറയുന്നു

അരുവിക്കര നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും രോഗബാധിതരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. വിതുര ഗവ.താലൂക്ക് ആശുപത്രി, തൊളിക്കോട് കുടുംബാരോഗ്യകേന്ദ്രം, മലയടി കുടുംബാരോഗ്യകേന്ദ്രം എന്നീ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും ഉയർന്നു. രോഗികളുടെ ബാഹുല്യംമൂലം വിതുര ആശുപത്രിയിൽ കിടത്തിചികിത്സിക്കാനാകാത്ത അവസ്ഥയാണ്. തൊളിക്കോട്, മലയടി കുടുംബാരേഗ്യകേന്ദ്രങ്ങളിൽ ഇതുവരെ കിടത്തിചികിത്സ ആരംഭിച്ചിട്ടില്ല.

ആദിവാസി ഊരുകളിലും രോഗം

ആദിവാസി ഊരുകളിലും തോട്ടം മേഖലകളിലും രോഗവ്യാപനമുണ്ട്. മഴ കനത്തതോടെ ആദിവാസി കോളനികൾ ഒറ്റപ്പെട്ട നിലയിലാണ്. ആദിവാസി,തോട്ടം മേഖലകളിൽ സൗജന്യ റേഷൻ നൽകണമെന്നും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്. പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്,

വിതുര ആശുപത്രിക്കും രോഗം

വിതുര ഗവ.താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരമായിട്ടില്ല. ആര്യനാട്,വിതുര, തൊളിക്കോട്,നന്ദിയോട്,പെരിങ്ങമ്മല പഞ്ചായത്തുകളിൽ നിന്നായി നിത്യേന നൂറുകണക്കിനാളുകളാണ് ഇവിടെ ചികിത്സയ്ക്കെത്തുന്നത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി പ്രവർത്തിച്ചിരുന്ന ആശുപത്രിയെ പത്ത് വർഷം മുൻപ് താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയോ മതിയായ സ്റ്റാഫുകളെ നിയമിക്കുകയോ ചെയ്തില്ല.

ആശുപത്രിയുടെ നിയന്ത്രണം ജില്ലാപഞ്ചായത്ത് ഏറ്റെടുത്തപ്പോൾ പുതിയ മന്ദിരം നിർമ്മിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും പ്രവർത്തനം ആരംഭിച്ചില്ല. ആശുപത്രിയിൽ മതിയായ ചികിത്സ ലഭ്യമാക്കുമെന്നും ഡോക്ടർമാരെയും സ്റ്റാഫുകളേയും നിയമിക്കുമെന്നും മുൻ ആരോഗ്യമന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും നടപ്പായില്ല.

കുട്ടികൾക്കിടയിലും പനി

കുട്ടികൾക്കിടയിൽ പനിയും മറ്റ് രോഗങ്ങളും പടരുകയാണ്. സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കാലാവസ്ഥയിലെ വ്യതിയാനം മൂലമാണ് രോഗം വ്യാപിക്കുന്നതെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL