SignIn
Kerala Kaumudi Online
Saturday, 27 June 2026 2.47 AM IST

എം.എം പള്ളി കൈയേറിയ സംഭവം:മുൻ ബിഷപ്പ് ഉൾപ്പെടെ 16 പേർക്കെതിരെ കേസെടുത്തു കേസെടുത്തത് 4 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണകേരള മഹായിടവക ആസ്ഥാനത്തുള്ള പാളയം എം.എം പള്ളിയിൽ,നാലുവർഷം മുൻപുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തു.കോടതി നിർദ്ദേശപ്രകാരം മുൻ ബിഷപ്പ് ധർമരാജ് റസാലം ഉൾപ്പെടെ 16 പേർക്കെതിരെയാണ് കേസ്. ധർമരാജ് റസാലം,സെക്രട്ടറി ടി.ടി.പ്രവീൺ,നിബു ജേക്കബ് വർക്കി,റസലയ്യൻ,സദേഷ് കുമാർ,അഖിൽ ദാസ്,സിബിൻ കല്ലുവിളയിൽ,ദേവരാജ്,സന്തോഷ് കുമാർ,വിൻസെന്റ് റസലയ്യൻ,സജി.എൻ.സ്റ്റുവർട്ട്,പി.രോഹൻ,പ്രവീൺ രാജ്,ഉമ്മൻ ജോർജ്,യു.എസ്.ഫ്രാൻസിസ്,ആർ.എസ്.റോസ് മിലാൻ ഡാനിയൽ എന്നിവർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

2022 ഏപ്രിൽ 29നായിരുന്നു സംഭവം.ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം മറികടന്ന് മുൻ ബിഷപ്പ് ധർമരാജ് റസാലത്തിന്റെ നേതൃത്വത്തിൽ ഭരണസമിതി പിരിച്ചുവിടുകയും എം.എം. പള്ളിയെ കത്തീഡ്രലായി പ്രഖ്യാപിക്കുകയും ചെയ്തു.സ്വത്ത് തട്ടിയെടുക്കാനുള്ള ബിഷപ്പിന്റെയും അനുയായികളുടെയും നീക്കമെന്ന് ആരോപിച്ച് ഒരു വിഭാഗം ഇടവക അംഗങ്ങളും പ്രതിരോധത്തിനിറങ്ങി.സംഭവം നടന്ന ദിവസം ധർമരാജ് റസാലവും അനുകൂലികളും പള്ളിയുടെ ഗേറ്റ് ജെ.സി.ബി കൊണ്ട് പൊളിച്ച് അകത്തുകടന്ന് കുർബാന നടത്തി.സുവിശേഷകരുടെ സ്ഥാനക്കയറ്റച്ചടങ്ങും കത്തീഡ്രൽ പ്രഖ്യാപനവും നടത്തുകയുണ്ടായി. ഇത് ഇടവകാംഗങ്ങളെ പ്രകോപിപ്പിച്ചു. തുടർന്ന് ഇവർ പള്ളിക്ക് മുന്നിൽ കൂടിയതോടെ സംഘർഷമുണ്ടായി. സംഭവത്തെ തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ലെന്നായിരുന്നു ആരോപണം. തുടർന്നാണ് മറുവിഭാഗം കോടതിയെ സമീപിച്ചതും കേസെടുക്കാൻ ഉത്തരവുണ്ടായതും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL