
ചിറയിൻകീഴ്: സർക്കാർ നിശ്ചയിച്ചിട്ടുള്ള നിയമപരമായ വലുപ്പത്തിൽ താഴെയുള്ള ചെറുമത്സ്യങ്ങളെ പിടിച്ച മൂന്ന് വള്ളങ്ങൾ മുതലപ്പൊഴിയിൽ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും ചേർന്ന് പിടികൂടി. അഞ്ചുതെങ്ങ് പൂത്തുറ സ്വദേശി വിനോദ് ആന്റണിയുടെ ഉടമസ്ഥതയിലുള്ള ജീസസ്,വെട്ടുതുറ സ്വദേശി നിതിൻ റിച്ചാർഡിന്റെ ഉടമസ്ഥതയിലുള്ള നിത്യ സഹായ മാതാവ്,ആനത്തലവട്ടം സ്വദേശി പ്രിൻസിന്റെ ഉടമസ്ഥതയിലുള്ള സങ്കീർത്തനം എന്നീ ബോട്ടുകളാണ് പിടിച്ചെടുത്തത്. അയല,കൊഴിയാള ഇനങ്ങളിൽപ്പെട്ട ചെറുമീനുകളാണ് വള്ളങ്ങളിലുണ്ടായിരുന്നത്. മുതലപ്പൊഴി താഴംപള്ളി ലേല ഹാളിൽ എത്തിയപ്പോഴാണ് ഇവ കസ്റ്റഡിയിലെടുത്തത്. പിടികൂടിയ വള്ളങ്ങളിൽ ഏകദേശം ആറ് ലക്ഷം രൂപയുടെ ചെറുമത്സ്യങ്ങൾ ഉണ്ടായിരുന്നു. നിയമവിരുദ്ധമായി പിടിച്ച ഈ മത്സ്യങ്ങൾ അധികൃതർ നശിപ്പിച്ചു കളഞ്ഞു. വള്ളങ്ങൾ നിലവിൽ മറൈൻ എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലാണ്. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറിന് റിപ്പോർട്ട് സമർപ്പിച്ച ശേഷമേ പിഴത്തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകു എന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ മനു അറിയിച്ചു. കടലിലെ മത്സ്യസമ്പത്ത് നശിപ്പിക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു. കോസ്റ്റൽ പൊലീസ് എസ്.ഐ നിസ്സാറുദ്ദീൻ,അരുൺ വി.എൽ,ലെത്ത ജോൺസൻ,മറൈൻ എൻഫോഴ്സ്മെന്റ് പൊലീസ് ഉദ്യോഗസ്ഥരായ അജീഷ്,അനന്തു,ലൈഫ് ഗാർഡുമാരായ ശിമയോൻ,റോബിൻ, ഇമാമുദീൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |