
പാലോട്: ഒരു നാടിന്റെ സാമ്പത്തിക ഘടനയിൽ മുഖ്യപങ്കുവഹിച്ചിരുന്ന നന്ദിയോട് ചന്ത അധികാരികളുടെ അനാസ്ഥയിൽ നശിക്കുന്നു. തിങ്കൾ,വ്യാഴം ദിവസങ്ങളിൽ മലയോര മേഖലകളിൽ നിന്നുള്ള ഉത്പന്നങ്ങൾ വാങ്ങാനും വിൽക്കാനുമായി ആശ്രയിച്ചിരുന്ന ചന്തയാണ് വിസ്മൃതിയിലാകുന്നത്.
ചരിത്ര സ്മരണകളുടെ കേന്ദ്രമായ നന്ദിയോട് ചന്തയാണ് നാശത്തിലേക്ക് കൊടികുത്തിയിരിക്കുന്നത്.
1996 ആഗസ്റ്റ് 17 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരുടെ സാന്നിദ്ധ്യത്തിൽ ഇ.എം.എസ് ജനകീയാസൂത്രണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത് നന്ദിയോട് പഞ്ചായത്തിൽ വച്ചായിരുന്നു. അക്കാലയളവിൽ ചന്ത പ്രവർത്തിച്ചിരുന്നത് ഇന്ന് പഞ്ചായത്തിന്റെ ഓഫീസ് മന്ദിരം പ്രവർത്തിക്കുന്ന സ്ഥലത്തായിരുന്നു. തുടർന്ന് ഓഫീസും, സ്റ്റേഡിയവും നിർമ്മിച്ചപ്പോഴാണ് ചന്ത ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റിയത്.
മാലിന്യസംഭരണ കേന്ദ്രമായി മാറുന്നു
നന്ദിയോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭരണസമിതി ലക്ഷങ്ങൾ ചെലവഴിച്ച് ആധുനിക രീതിയിലുള്ള മന്ദിരം പൂർത്തിയാക്കിയെങ്കിലും നിലവിൽ ഈ കെട്ടിടം ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് സംഭരിക്കാനുള്ള യൂണിറ്റാക്കി മാറ്റിയിരിക്കുകയാണ്. ഇതോടെ മത്സ്യം ഉൾപ്പെടെയുള്ള വിൽപ്പന റോഡിലേക്ക് മാറ്റപ്പെട്ടു. നിരവധി സമരപരമ്പരകൾക്ക് സാക്ഷ്യം വഹിച്ച നന്ദിയോട് ചന്ത നിലവിൽ മാലിന്യ സംഭരണ കേന്ദ്രമാണ്.
സ്വാതന്ത്ര്യസമര ചരിത്രത്തിൽ വിസ്മരിക്കാനാകാത്ത ചരിത്രമുള്ള നന്ദിയോട് ചന്തയെ മാലിന്യ സംഭരണകേന്ദ്രമാക്കി മാറ്റിയതിൽ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |