
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ജംഗ്ഷന് സമീപം ഇരുനില വീടിന്റെ മുകളിലത്തെ നിലയിൽ തീപിടിച്ച് വൻ നാശം. സഫാരി ഹോട്ടലിന് എതിർവശത്തെ സലീമിന്റെ സുബിന മൻസിലിലാണ് തീപിടിത്തമുണ്ടായത്. നാല് ഫയർഫോഴ്സ് യൂണിറ്റുകൾ ഒന്നര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്.
ഇന്നലെ ഉച്ചയ്‌ക്ക് മൂന്നോടെയാണ് സംഭവം. തീ പടരുന്ന സമയത്ത് വീട്ടിൽ സ്ത്രീകൾ മാത്രമാണുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻ ബന്ധുക്കളെ വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. വെഞ്ഞാറമൂട്,നെടുമങ്ങാട്,ആറ്റിങ്ങൽ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തീപിടിത്തത്തിൽ മുകളിലെ നില പൂർണമായും കത്തിനശിച്ചു. ഇവിടെ ഉണ്ടായിരുന്ന എ.സി,കമ്പ്യൂട്ടർ,ഇൻവെർട്ടർ തുടങ്ങിയ നിരവധി ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ പൂർണമായും കത്തിയമർന്നു.
ശക്തമായ ചൂടിൽ വീടിന്റെ ചുവരുകൾ പിളർന്നിട്ടുണ്ട്. സമീപത്ത് നിരവധി വീടുകൾ ഉണ്ടായിരുന്നെങ്കിലും ഫയർഫോഴ്‌സിന്റെ സമയോചിത ഇടപെടൽ മൂലം അവിടേക്ക് തീ പടർന്നില്ല. വിവരമറിഞ്ഞ് വെഞ്ഞാറമൂട് പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |