SignIn
Kerala Kaumudi Online
Monday, 12 October 2026 5.58 AM IST

എങ്ങുമെത്താതെ പോങ്ങനാട് സ്റ്റേഡിയം നവീകരണം

hi

കിളിമാനൂർ: കായിക പ്രേമികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന പോങ്ങനാട്ടെ സ്റ്റേഡിയം നവീകരണം എങ്ങുമെത്താത്ത അവസ്ഥയിൽ തുടരുന്നു. മാസങ്ങൾക്ക് മുമ്പ് സ്റ്റേഡിയത്തിലെ വോളി ബോൾ കോർട്ടിന്റെ നിർമ്മാണോദ്ഘാടനം കഴിഞ്ഞിരുന്നു. പിന്നീട് അതിന്റെ തുടർപ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല. വർഷങ്ങളായി ചെളിക്കെട്ടും കുഴിയുമായി കിടക്കുന്ന സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി പ്രദേശവാസികൾ അധികാരികളെ സമീപിച്ചിട്ടും യാതൊരുവിധ നടപടിയുമുണ്ടായിട്ടില്ല. പോങ്ങനാട് ജംഗ്ഷനോട് ചേർന്നുണ്ടായിരുന്ന വലിയ കുളം പായലും മാലിന്യങ്ങളും മൂടി ഉപയോഗശൂന്യമായതോടെയാണ് ഇവിടം നികത്തി കളിസ്ഥലമുണ്ടാക്കാൻ തീരുമാനിച്ചത്. 35 വർഷം മുമ്പ് അന്നത്തെ പഞ്ചായത്ത് ഭരണസമിതിയുടേതായിരുന്നു തീരുമാനം. താഴ്ന്ന സ്ഥലമായതിനാൽ തുടക്കം മുതൽ വെള്ളക്കെട്ട് വെല്ലുവിളിയായിരുന്നു. ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനോ സ്റ്റേഡിയമെന്ന നിലയിൽ മതിയായ സൗകര്യങ്ങളൊരുക്കി നവീകരിക്കാനോ നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ജില്ലാ പഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ വശങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടിയിരുന്നു. ഇതിനൊപ്പം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗ്യാലറി, നടപ്പാത എന്നിവയെല്ലാം പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങി.

നിറയെ കുണ്ടും കുഴിയും

പഞ്ചായത്തിലെ വിവിധയിടങ്ങളിലെ നിർമാണങ്ങൾക്ക് നീക്കം ചെയ്യുന്ന മണ്ണ് കൊണ്ടിട്ടാണ് പ്രതലം ഉയർത്തിയത്. ഇത് ശരിയായി നിരപ്പാക്കാത്തതിനാൽ ഇവിടം കുണ്ടും കുഴിയും നിറഞ്ഞ സ്ഥിതിയാണ്. പോങ്ങനാട് ഗവ.യു.പി സ്കൂളിനെ ഹൈസ്കൂൾ ആയി ഉയർത്തിയപ്പോൾ കുട്ടികൾക്ക് മതിയായ സൗകര്യങ്ങളുള്ള കളിസ്ഥലമായി ഈ സ്റ്റേഡിയമാണ് നിർദ്ദേശിക്കപ്പെട്ടിരുന്നത്. എന്നാൽ കളിസ്ഥലം നവീകരിക്കാക്കാത്തതിനാൽ കുട്ടികൾക്കും ഇവിടം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

ഫണ്ടില്ല

സ്കൂൾ കവാടം, കളിസ്ഥലം ഉൾപ്പടെയുള്ളവ നിർമിക്കാൻ ജില്ലാപ്പഞ്ചായത്ത് ഫണ്ട് അനുവദിച്ചതിൽ കുറച്ചു തുക ചെലവിട്ട് വശങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിച്ചിരുന്നു. നിർമാണം പൂർത്തീകരിക്കാൻ തുക പര്യാപ്തമല്ലാത്തതിനാൽ ബാക്കി തുക സ്കൂളിൽ ശൗചാലയമടക്കം നിർമിക്കുന്നതിനാണ് ചെലവിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL