SignIn
Kerala Kaumudi Online
Monday, 12 October 2026 5.58 AM IST

മരണമുഖത്തുനിന്ന് ജീവിതത്തിലേക്കുള്ള യാത്രയിൽ സതീഷ് രാജ്

satheesh-file-photo

കാട്ടാക്കട: കാട്ടാനയുടെ മസ്തകം കൊണ്ട് തന്റെ തല മണ്ണിലേക്ക് ഇടിച്ചുതാഴ്ത്തുമ്പോൾ ഇനിയൊരു നിമിഷംപോലും ജീവനോടെയുണ്ടാവുമെന്ന് ചിന്തിച്ചിരുന്നു ആർ.സി.സതീഷ് രാജ്. എന്നാൽ മാസങ്ങൾക്കിപ്പുറം ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ് 47കാരനായ തേക്കടി പെരിയാർ ടൈഗർ റിസർവിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കാട്ടാക്കട കിള്ളി മുതയിൽ ഒലിവ് ഗാർഡനിൽ ആർ.സി.സതീഷ് രാജ്.

ഇക്കഴിഞ്ഞ ജൂലായ് 1ന് രാവിലെ 10.30ന് തമിഴ്‌നാട് സുന്ദരമല-പെരിയാർ സെക്ഷൻ പരിധിയിലെ ചെമ്പകവല്ലി ബേസ് ക്യാമ്പിൽ നിന്ന് തമിഴ്നാട്ടിലെ തലയണയിലേക്ക് പട്രോളിംഗ് ഡ്യൂട്ടിക്ക് വനപാതയിലൂടെ നടന്നുപോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. കട്ടമാടിതോട്ടിൻകരയിലെ കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന ഒറ്റയാൻ സതീഷിനും ഒപ്പമുണ്ടായിരുന്ന ആറുപേർക്കും നേരെ പാഞ്ഞടുത്തു. ഓടി രക്ഷപെടാൻ നോക്കിയെങ്കിലും സതീഷ് തെന്നിവീണു.അരികിലെത്തിയ ആന സതീഷിന്റെ വലതുനെഞ്ചിൽ ചവിട്ടി. തല മസ്തകം കൊണ്ട് മണ്ണിലേക്ക് ഇടിച്ചുതാഴ്ത്തി,​ ചിന്നംവിളിച്ചു. സതീഷിന്റെ ഓർമ്മ നഷ്ടപ്പെട്ടു.

ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ തങ്ങളുടെ കൂട്ടാളിയെ ഒറ്റയ്ക്കാക്കിയില്ല,​ ബഹളം വച്ചു,​ ആനയെ തുരത്തിയോടിച്ചു. പരിക്കുകളോടെ കിടന്ന സതീഷിനെ കാട്ടുകമ്പിൽ പുതപ്പ് ചേർത്തുകെട്ടി സ്ട്രെച്ചറുണ്ടാക്കി ആരക്കിലോമീറ്ററോളം വനപാതയിലൂടെ തോളിൽചുമന്ന് വാഹനമെത്തുന്ന തമിഴ്നാട്ടിലെ ശങ്കരൻകോവിലിലെത്തിച്ചു. ശേഷം പുതിയംകുടി പ്രാഥമികാരോഗ്യകേന്ദ്രത്തിലും അവിടെനിന്ന് രാത്രിയോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. പരിശോധനയിൽ 8 വാരിയെല്ലുകൾ തകർന്നു,​ നട്ടെല്ല് പൊട്ടി,​ ദേഹമാസകലം ചതഞ്ഞു. അടിയന്തരശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്നുള്ള ചികിത്സകൾക്കൊടുവിൽ സതീഷ് ആരോഗ്യം വീണ്ടെടുത്ത് വരുന്നു.ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. അടുത്തമാസം ജോലിയിൽ പ്രവേശിക്കും. ഭാര്യ: ഷിംന.മക്കൾ:അനോവ,ആൻവിയ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, KTDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL