
തിരുവനന്തപുരം: ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്റെ ഭാഗമായി ജില്ലയ്ക്ക് ഇനി തനത് ജീവജാലങ്ങൾ.
'ഡ്യൂറി ഓർക്കിഡ്" ആണ് ജില്ലയുടെ പുഷ്പം. ഫലം ഞാവൽ.'കാട്ടുഞ്ഞാലി"യാണ് പക്ഷി. ജന്തുവായി അണ്ണാൻ വർഗമായ 'കുഞ്ഞൻ പാറാനെ" തിരഞ്ഞെടുത്തു.
'സസ്യശലഭം" ആണ് ജില്ലയുടെ ശലഭം. മത്സ്യമായി 'കുഴിപ്പുള"വനെയും 'അബ്രഹാം ഞാവലി"നെ ജില്ലാവൃക്ഷമായും 'മലമ്പുളി"യെ പൈതൃകവൃക്ഷമായും പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്ത് ജൈവവൈവിദ്ധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'അനന്തവൈവിദ്ധ്യം 2026" ജൈവവൈവിദ്ധ്യ കോൺക്ലേവിലാണ് ജില്ലയിലെ തനത് സ്പീഷീസുകളുടെ പ്രഖ്യാപനം.'വെള്ളായണി വഴുതന" കാർഷികവിളയായും 'ആരോഗ്യപ്പച്ച"ഔഷധസസ്യമായും 'കാട്ടുകാച്ചിൽ" വന്യകിഴങ്ങുവർഗമായും തിരഞ്ഞെടുക്കപ്പെട്ടു. സൂക്ഷ്മജീവിയായി 'ലാക്ടിക്കേസിബാസിലസ് റാംനോസസി"നെയും പ്രഖ്യാപിച്ചു.
ജൈവവൈവിദ്ധ്യ കോൺക്ലേവ് മന്ത്രി കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു.ഭൂമി മനുഷ്യർക്ക് മാത്രമുള്ളതാണെന്ന ചിന്തയിൽ പ്രകൃതിവിഭവങ്ങൾ അനിയന്ത്രിതമായി ചൂഷണം ചെയ്തതിന്റെ ദുരന്തഫലങ്ങളാണ് ലോകം നേരിടുന്നതെന്ന് മന്ത്രി പറഞ്ഞു. പരിസ്ഥിതി ദിനാചരണങ്ങളും ബോധവത്കരണവും ഫലപ്രദമാകണമെങ്കിൽ പ്രകൃതിക്ക് ദോഷകരമായ ശീലങ്ങൾ തിരുത്താൻ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി.മുരളി,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന.ബി,അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് നിസ.എ,ജൈവവൈവിദ്ധ്യ ബോർഡ് ചെയർമാൻ ഡോ.എൻ.അനിൽകുമാർ,മെമ്പർ സെക്രട്ടറി ഡോ.അനിൽകുമാർ.സി,ക്ഷണിത പ്രഭാഷകൻ ഡോ.പുത്തിയപറമ്പിൽ ജോസുകുട്ടി,ഡോ.ഇ.എസ്.സന്തോഷ്കുമാർ,ഡോ.കലേഷ് സദാശിവൻ,ഡോ.സാബു തോമസ് എന്നിവർ പങ്കെടുത്തു.
തനത് സ്പീഷീസുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും കൂടുതൽ ശ്രദ്ധചെലുത്താൻ നടപടി
കോൺക്ലേവിൽ ജൈവവൈവിദ്ധ്യ സംരക്ഷണം,അപൂർവ വൃക്ഷങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ക്ലോണിംഗ്,ജില്ലാ സൂക്ഷ്മജീവിയുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ശാസ്ത്രീയ ചർച്ചകളും അവതരണങ്ങളും നടന്നു.
2030ഓടെ തിരുവനന്തപുരത്തെ ജൈവവൈവിധ്യ സൗഹൃദ ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 'ജൈവവൈവിദ്ധ്യത്തോട് കൈകോർത്ത് അനന്തപുരി" പദ്ധതിയുടെ ഭാഗമായായിരുന്നു കോൺക്ലേവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |