കൊടുങ്ങല്ലൂർ: അരിക്കും പയർവർഗങ്ങൾക്കും ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്ക് വീണ്ടും വില വർദ്ധിച്ചതോടെ അടുക്കള ബഡ്ജറ്റ് താളംതെറ്റുന്നു. ഒരാഴ്ചയ്ക്കിടെ പരിപ്പ്, പയർ, കടല എന്നിവയ്ക്ക് കിലോഗ്രാമിന് അഞ്ച് രൂപ വരെ വർദ്ധിച്ചു. അരിയുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വില കൂടിയതോടെ സാധാരണക്കാരുടെ കുടുംബച്ചെലവും ഉയരുകയാണ്.
രണ്ട് മാസം മുമ്പും പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങൾക്ക് വലിയ തോതിൽ വില വർദ്ധിച്ചിരുന്നു. യുദ്ധവും തുടർന്നുണ്ടായ ഇന്ധനക്ഷാമവുമായിരുന്നു അന്നത്തെ വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഇതിനുപിന്നാലെയാണ് ഒരാഴ്ചയായി അരിക്കും പലവ്യഞ്ജനങ്ങൾക്കും വീണ്ടും വില ഉയർന്നത്.
പയർവർഗങ്ങളിൽ തുവരപ്പരിപ്പിനാണ് വില കൂടുതൽ വർദ്ധിച്ചത്. കിലോഗ്രാമിന് 30 രൂപ കൂടി 150 രൂപയായി. ഉഴുന്നിന് 130 രൂപയും കടലയ്ക്ക് 120 രൂപയുമാണ് വില. വൻപയർ, ചെറുപയർ എന്നിവയുടെ വില കിലോഗ്രാമിന് 120 രൂപയായി ഉയർന്നു. പരിപ്പ്, പയർ, കടല എന്നിവയ്ക്കും ഒരാഴ്ചയ്ക്കിടെ കിലോഗ്രാമിന് അഞ്ച് രൂപ വരെ വർദ്ധിച്ചിട്ടുണ്ട്.
അരിവിലയും ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുകയാണ്. പൊന്നി, മട്ട, ജയ, കുറുവ, സുലേഖ തുടങ്ങിയ ജനപ്രിയ ഇനങ്ങൾക്കെല്ലാം വില കൂടി. പൊന്നിയരിയുടെ വില കിലോഗ്രാമിന് 60 രൂപയിൽനിന്ന് 84 രൂപയായി ഉയർന്നു. മറ്റ് ബ്രാൻഡുകളിലുള്ള അരികൾക്ക് കിലോഗ്രാമിന് മൂന്ന് രൂപ വീതമാണ് വർദ്ധിച്ചത്. ചില്ലറ വിപണിയിൽ ഉപഭോക്താക്കൾക്ക് ഇതിലും ഉയർന്ന വില നൽകേണ്ടിവരുന്നുണ്ട്. കുറുവ അരിക്ക് 48 രൂപയും മട്ട അരിക്ക് 40 രൂപയും ജയ അരിക്ക് 48 രൂപയുമാണ് വില.
സുഗന്ധവ്യഞ്ജന വിപണിയിലും വിലക്കയറ്റം തുടരുകയാണ്. വറ്റൽമുളകിന് കിലോഗ്രാമിന് 360 മുതൽ 400 രൂപ വരെയാണ് വില. മല്ലിക്ക് 210 രൂപയും മഞ്ഞളിന് 300 രൂപയുമാണ് വില.
പഞ്ചസാരവിലയിൽ നേരിയ കുറവ്
അതേസമയം, പഞ്ചസാരവിലയിൽ ഈയാഴ്ച നേരിയ കുറവുണ്ടായി. കിലോഗ്രാമിന് 54 രൂപയായിരുന്ന പഞ്ചസാരവില ഒന്നര രൂപ കുറഞ്ഞ് മൊത്തവിപണിയിൽ 52.50 രൂപയായി. ഓണക്കാലത്ത് പഞ്ചസാരവില 70 രൂപ വരെ ഉയർന്നിരുന്നു.
കാലാവസ്ഥാ വ്യതിയാനം, കൃഷിനാശം, ഉൽപ്പാദനക്കുറവ് എന്നിവയാണ് വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |