
തുറവൂർ : തുറവൂർ ജംഗ്ഷനിൽ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പൈപ്പ് ലൈൻ ബന്ധിപ്പിക്കുന്ന ജോലികൾ മഴയെ തുടർന്ന് തടസ്സപ്പെട്ടതോടെ എട്ട് പഞ്ചായങ്ങളിലെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നത് ഒരു ദിവസം കൂടി നീളാൻ സാദ്ധ്യത. 28 വരെ ജലവിതരണം നിർത്തിവയ്ക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അത് 29 വരെ നീളുമെന്നാണ് സൂചന. അരൂർ മുതൽ വയലാർ വരെയുള്ള പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ് ഇപ്പോൾ.ചില പഞ്ചായത്തുകളിൽ ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുന്നുണ്ടെങ്കിലും തീരദേശ മേഖലകളിൽ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. ദൈനംദിന ആവശ്യങ്ങൾക്കുപോലും വെള്ളം ലഭിക്കാത്ത സാഹചര്യം ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
തുറവൂർ മുതൽ പൊന്നാംവെളി വരെയുള്ള പുതിയ പൈപ്പ് ലൈനിലേക്ക് തൈക്കാട്ടുശ്ശേരിയിൽനിന്ന് എത്തുന്ന പൈപ്പ് ബന്ധിപ്പിക്കുന്ന ജോലികളാണ് തുറവൂർ ജംഗ്ഷനിൽ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെ തുടർന്ന് ഉയരപ്പാതയുടെ മുകളിൽനിന്നുള്ള മഴവെള്ളം പൈപ്പ് ലൈൻ ജോലികൾ നടക്കുന്ന ഭാഗത്ത് എത്തിയതാണ് പ്രവൃത്തികൾ തടസ്സപ്പെടാൻ കാരണമായത്. ഈ ഭാഗത്തെ കാന നിർമാണം പൂർത്തിയാകാത്തതും മഴവെള്ളം ഒഴുകിയെത്തുന്നതിന് കാരണമാകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |