
വിതുര: മലയോര മേഖലയിൽ മഴ ശക്തിപ്രാപിക്കുന്നു. നാട്ടിൻപുറത്തെ അപേക്ഷിച്ച് വനമേഖലയിൽ മഴ കൂടുതലാണ്. ഒരാഴ്ചയായി പൊൻമുടി,ബോണക്കാട്,കല്ലാർ പേപ്പാറ മേഖലകളിൽ മഴ കോരിച്ചൊരിയുകയാണ്. ആദിവാസി,തോട്ടം മേഖലകളിലും മഴ ശക്തമാണ്. വനത്തിൽനിന്നും ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയും പാറയും മരങ്ങളും മറ്റും നദികളിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. വാമനപുരം നദി നിറഞ്ഞൊഴുകുകയാണ്. മലവെള്ളപ്പാച്ചിലിൽ വ്യാപകമായി കൃഷി ഭൂമി ഒലിച്ചുപോകുകയും ചെയ്തു. മഴ കനത്തനാശനഷ്ടമാണ് വിതച്ചിരിക്കുന്നത്. നദീതീരങ്ങളിൽ അധിവസിക്കുന്നവർ ഭീതിയുടെ നിഴലിലാണ്. താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിൽ മുങ്ങി.മാത്രമല്ല വ്യാപകമായി കൃഷിനാശവും ഉണ്ടായി.
വിതുര മേഖലയിൽ ആറ് വീടുകളിൽ വെള്ളം കയറി. കലുങ്ക് ജംഗ്ഷനിൽ കടകളിലും വെള്ളം കയറിയതിനെ തുടർന്ന് നാശനഷ്ടമുണ്ടായി.
സംസ്ഥാനപാതയിലും വെള്ളക്കെട്ട്
പൊൻമുടി നെടുമങ്ങാട് സംസ്ഥാനപാതയിലെ മിക്ക ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാദ്ധ്യതകൾ കണക്കിലെടുത്ത് വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി കഴിഞ്ഞ ദിവസം അടച്ചു. പൊൻമുടി അടച്ചതറിയാതെ ധാരാളം സഞ്ചാരികൾ ഇന്നലെയും കല്ലാറിൽ എത്തിയിരുന്നു. വനപാലകർ ഇവരെ മടക്കി അയച്ചു. മഴ കനത്തതോടെ കാട്ടുമൃഗങ്ങളും നാട്ടിലിറങ്ങി ശല്യമുണ്ടാക്കുന്നുണ്ട്.
പേപ്പാറ ഡാം തുറന്നു
വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് പേപ്പാറ ഡാമിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നു. ഡാമിലെ ജലനിരപ്പ് 106.90ആയി ഉയർന്നതിനെ തുടർന്ന് ഡാമിലെ നാല് ഷട്ടറുകളും കഴിഞ്ഞ ദിവസം പത്ത് സെന്റീമീറ്റർ വീതം ഉയർത്തി. പേപ്പാറ മേഖലയിൽ നിലവിൽ കനത്തമഴ പെയ്യുന്നുണ്ട്. മഴ ഇനിയും കനത്താൽ ഷട്ടറുകൾ വീണ്ടും ഉയർത്തും. അരുവിക്കര ഡാമിലെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്.
ഫോട്ടോ
പേപ്പാറ ഡാം തുറന്നപ്പോൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |