
തൃശൂർ: പുറത്തിറങ്ങിയാൽ കാട്ടാനശല്യം, അകത്തുറങ്ങിയാൽ ഭൂചലനം... ചെകുത്താനും കടലിനും നടുക്കെന്ന അവസ്ഥയിലാണ് പീച്ചിയിലെ നിവാസികൾ. കഴിഞ്ഞ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് തുടർച്ചയായി പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. സീസ്മോഗ്രാഫിൽ 2.6 ഡിഗ്രി രേഖപ്പെടുത്തിയ ഭൂചലനം തീവ്രമല്ലെങ്കിലും തുടർച്ചയായി ഉണ്ടാകുന്നതിൽ ആശങ്കാകുലരാണ് നാട്ടുകാർ. ഭൂചലനത്തിൽ 38വീടുകൾക്ക് കേടുപാടുകളുണ്ടായി. മേൽക്കൂരയും ഭിത്തിയും ചേരുന്ന ഭാഗത്ത് വലിയ വിള്ളലുകളാണ് മിക്ക വീടുകളിലുമുള്ളത്. കളക്ടർ ശിഖ സുരേന്ദ്രൻ, തഹസിൽദാർ ഡെപ്യൂട്ടി കളക്ടർ കെ.എസ്.നസിയ, കെ.വി.സനൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ്, വൈസ് പ്രസിഡന്റ് കെ.പി.ചാക്കോച്ചൻ എന്നിവരടങ്ങുന്ന സംഘം ഇന്നലെ സംഭവ സ്ഥലം സന്ദർശിച്ചു. ഡാമിന്റെ സമീപപ്രദേശത്ത് തുടർച്ചയായി ഭൂചലനവും പ്രകമ്പനവും അനുഭവപ്പെടുന്നതായാണ് തഹസിൽദാർക്ക് വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിലുള്ളത്.
ഭൂചലനത്തിൽ രണ്ട് കുഴൽക്കിണറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വെള്ളം നിന്നുപോയ കുഴൽകിണറിൽ ഭൂചലനത്തിന്റെ ഭാഗമായി ചെളിനിറഞ്ഞതായും പ്രദേശവാസികൾ പറഞ്ഞു. തുടർച്ചയായുണ്ടാകുന്ന പ്രകമ്പനം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വിദഗ്ധ പഠനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വിള്ളൽ സംഭവിച്ച വീടുകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. തുടർച്ചയായി ചലനം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ ഇതിനെക്കുറിച്ച് വിശദമായി പഠിക്കുവാൻ ആവശ്യപ്പെട്ട് സംസ്ഥാന ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിട്ടിക്കും കത്ത് നൽകി. തുടർചലനമുണ്ടായാൽ നാട്ടുകാർ എന്തുചെയ്യണമെന്ന് ലഘുലേഖ വിതരണം ചെയ്യാൻ പഞ്ചായത്ത്, വില്ലേജ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
- ശിഖ സുരേന്ദ്രൻ, കളക്ടർ
അടിക്കടിയുണ്ടാകുന്ന ചലനത്തെ തുടർന്ന് മേഖലയിൽ ദൗമശാസ്ത്ര പഠനം നടത്തം
കെ.പി ചാക്കോച്ചൻ, പാണഞ്ചേരി പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്
ബാധിത പ്രദേശങ്ങൾ:
പീച്ചി ഡാം പരിസരത്തെ പള്ളിക്കുന്ന്, ജണ്ടമുക്ക്, തെക്കേക്കുളം.
തീയതിയും സമയവും:
ജൂലായ് 20: വൈകിട്ട് 6.15
22: രാവിലെ 8.45
23: രാത്രി 11.15
നാശനഷ്ടങ്ങൾ:
38 വീടുകൾക്ക് വിള്ളൽ
2 കുഴൽകിണറുകൾക്ക് തകരാർ (ജിനീഷ് തെക്കേക്കര, മുകുന്ദൻ തൃപ്പാക്കൽ)
വിള്ളൽ സംഭവിച്ച വീട്ടുടമകൾ
ശശി മംഗമത്തിൽ, സൈമൺ കാട്ടിപ്പറമ്പിൽ, എബി തെക്കേക്കര, ലോനക്കുട്ടി തലക്കോട്ടൂർ, ടി.യു.കുര്യൻ തെക്കേക്കര, തോമസ് ലോനപ്പൻ ചിറ്റിലപ്പിള്ളി, പദ്മിനി രാജൻ, ശാന്ത വേലംകുടി, ജോർജ്ജ് ഇളയാനിക്കാട്ടിൽ, ഷാജി കാഞ്ഞിരത്തിങ്കൽ, ഡേവിഡ് ചിറയത്ത്, സുഭാഷ് മേക്കര, രാജൻ തടത്തിൽ, ലക്ഷ്മി തെക്കേകുളത്തിൽ, നാരായണൻ നായർ, രഞ്ജിത്കുമാർ, വർഗീസ് ചിറ്റിലപ്പിള്ളി, നരേന്ദ്രൻ, സുരേന്ദ്രൻ, വിബീഷ്, ബൈജു, ഭാസ്‌കരൻ, മിനി ഉണ്ണികൃഷ്ണൻ, ഐസക്, ആതിര ജോസഫ്, ഫബിത, ലീലാമ്മ, എൽസി, വിജയ, സരസു, ലക്ഷ്മി, റഷീദ്, ഔസേഫ്, മാധവൻ, ജ്യോതിഷ് മാത്യു, ദാമോദരൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |