
തൃശൂർ: 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതിന് പിന്നാലെ വിവാദം വീണ്ടും പുകയുന്നു. സംഭവത്തിനുശേഷം രണ്ട് പൂരങ്ങൾ കൂടി നടന്നെങ്കിലും ആരോപണങ്ങളും പ്രത്യാരോപണങ്ങളും അവസാനിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വം അധികൃതർ പ്രതികളായെന്നാണ് പുതിയ വിവാദം. പൂരം നിറുത്തിവയ്ക്കുന്നതിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങൾ പരിശോധിക്കാതെ പന്തലിലെ വിളക്ക് അണച്ചത് മാത്രം പരിഗണിച്ചാണ് കേസെടുക്കുന്നതെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്റെ ആരോപണം. 2024ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സി.പി.ഐയിലെ വി.എസ്. സുനിൽകുമാറും ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ രംഗത്തുണ്ട്.
അന്നത്തെ പൊലീസ് മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കാതെ ദേവസ്വത്തിന്റെ മേൽ കുറ്റം ചുമത്താനുള്ള നീക്കത്തിനെതിരെ സർക്കാരിനെ സമീപിക്കുമെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ നിയമനടപടികൾ സ്വീകരിക്കുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് മേധാവി ഡി.ജി.പിക്കും തുടർന്ന് സർക്കാരിനും കൈമാറിയ അന്വേഷണ റിപ്പോർട്ടിൽ സർക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ, തിരുവമ്പാടി ദേവസ്വത്തിലെ ഏഴ് ഭാരവാഹികൾ പ്രതികളായെന്ന് പറയപ്പെടുന്ന റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പരാതി നൽകാൻ ദേവസ്വം ഒരുങ്ങുകയാണ്. വാദിയെ പ്രതിയാക്കുന്നതാണ് റിപ്പോർട്ടെന്നാണ് ദേവസ്വത്തിന്റെ വാദം.
തിരുവമ്പാടി ദേവസ്വത്തെ പ്രതിചേർക്കുന്നതിനോട് യോജിപ്പില്ല. പൂരം എഴുന്നള്ളത്തും മേളവും നിറുത്തിവയ്ക്കാൻ ഇടയാക്കിയ സാഹചര്യങ്ങളും പിന്നിൽ പ്രവർത്തിച്ചവരും ആരാണെന്ന് കണ്ടെത്തണം.
വി.എസ്.സുനിൽകുമാർ
സി.പി.ഐ
വെടിക്കെട്ടിന് തൊട്ടുമുമ്പുള്ള ഒരു മണിക്കൂറിൽ മാത്രമാണ് നിയന്ത്രണമെന്നിരിക്കെ, കുടമാറ്റം മുതൽ പൊലീസ് കടുത്ത സമ്മർദ്ദവും ഇടപെടലും നടത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം
കെ. ഗിരീഷ് കുമാർ
തിരുവമ്പാടി ദേവസ്വം സെക്രട്ടറി
എന്ന് തെളിയും ഈ 'കലക്കം'
2024 ഏപ്രിൽ 19 - 20: പൂരനാളിലെ അനാവശ്യ നിയന്ത്രണങ്ങളെച്ചൊല്ലി തിരുവമ്പാടി ദേവസ്വവും പൊലീസും തമ്മിൽ തർക്കം. രാത്രിപ്പൂരം നിറുത്തി, പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് നടന്നത് 20ന് പകൽ.
2024 ഏപ്രിൽ- മേയ്: പൂരം കലക്കിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ പരസ്പര ആരോപണം. അന്വേഷിക്കാൻ സർക്കാർ ഉത്തരവ്.
2024 ഒക്ടോബർ: വീഴ്ച വരുത്തിയ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ, അസിസ്റ്റന്റ് കമ്മിഷണർ സുദർശൻ എന്നിവർക്ക് സ്ഥലംമാറ്റം. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തുടക്കം.
2025 ജൂലായ്: പൂരം കലക്കാൻ ആർ.എസ്.എസ് നേതാക്കളുമായി ചേർന്ന് എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാർ ഗൂഢാലോചന നടത്തിയെന്ന് ഭരണപക്ഷ - പ്രതിപക്ഷ ആരോപണം.
2026 ഫെബ്രുവരി: പൂരം അട്ടിമറിക്കേസിൽ ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് സമർപ്പിച്ചു.
2026 ഒക്ടോബർ 21: എട്ട് മാസത്തെ കാലതാമസത്തിന് ശേഷം ക്രൈംബ്രാഞ്ച് മേധാവി അന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.
2026 ഒക്ടോബർ 22: കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിന് ആവശ്യമായ സർക്കാർ അനുമതി തേടി ഡി.ജി.പി റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |