
ചെറുതുരുത്തി: നെടുമ്പുര കാരാഞ്ചേരിയിൽ മാനുവിന്റെ (ആരിഫ്) വീട്ടിൽ ഇരട്ടി സന്തോഷം. പതിവുപോലെ പശുവിനെ കറക്കാനായി തൊഴുത്തിലെത്തിയ മാനു കണ്ടത് തന്റെ പ്രിയപ്പെട്ട കുതിരയായ സഫയുടെ പാൽ കുടിച്ചുനിൽക്കുന്ന കുതിരക്കുഞ്ഞിനെ. അപ്രതീക്ഷിതമായ ഈ കാഴ്ച ആദ്യം അമ്പരപ്പിച്ചെങ്കിലും പിന്നാലെ വലിയ ആഹ്ലാദമായി.
ആറുമാസം മുമ്പാണ് സഫ മാനുവിന്റെ വീട്ടിലെത്തിയത്. കുതിരയെ വാങ്ങുമ്പോൾ ഗർഭിണിയാണെന്ന കാര്യം മാനുവിനോ അതിനു മുമ്പ് കുതിരയെ പരിപാലിച്ചിരുന്നവർക്കോ അറിയില്ലായിരുന്നു. കഴിഞ്ഞ മാസം കുതിരയുടെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മാനുവിന് സംശയം തോന്നിയത്. തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ കുതിര ഗർഭിണിയാണെന്ന് മനസ്സിലായി. ഇതോടെ കുതിരവണ്ടിയിൽ കെട്ടി നടത്തുന്നതും പുറത്ത് കയറുന്നതെല്ലാം മാനു നിറുത്തി. കുതിരകളെ ഡോക്ടറെ കാണിക്കാറില്ല, കാണിക്കണമെങ്കിൽ മണ്ണുത്തി വരെ കൊണ്ടുപോകണം. സ്വന്തമായാണ് പരിചരണം.
എന്നാൽ കുതിര എപ്പോൾ പ്രസവിക്കുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ചെറുപ്പംമുതൽ കുതിരവണ്ടികളോടും കുതിരകളോടും പ്രത്യേക ഇഷ്ടമാണ് മാനുവിന്. ഈ ഇഷ്ടത്തിന് പൂർണ പിന്തുണയുമായി ഭാര്യ സജിതയുമുണ്ട്. മക്കളായ ഹാദിയ, ഹാഷ്മി, ഹയാൻ എന്നിവർക്കും കുതിരകൾ പ്രിയപ്പെട്ട കൂട്ടുകാരാണ്.
പശുവും കുതിരയും ഒരു കുടുംബം
മാനുവിന്റെ തൊഴുത്തിനുമുണ്ട് പ്രത്യേകത. പശുക്കളും കുതിരകളും ഒരേ തൊഴുത്തിൽ. ഭക്ഷണം കഴിക്കുന്നതും വിശ്രമിക്കുന്നതും പരിചരണവുമെല്ലാം പരസ്പരം ഇണങ്ങിയാണ്. മൃഗങ്ങളോടുള്ള മാനുവിന്റെ സ്നേഹവും കരുതലും നമുക്ക് കാണാം.
സഫ മാത്രമല്ല, സബ്ഹായും
സഫ മാത്രമല്ല, സബ്ഹാ എന്ന മറ്റൊരു പെൺകുതിരയുമുണ്ട് ഇവിടെ. സബ്ഹായും ഗർഭിണിയാണെന്ന വിവരം അടുത്തിടെയാണ് മാനു അറിഞ്ഞത്. ഏകദേശം രണ്ടു മാസം മുമ്പാണ് ശരീരഘടനയിലുണ്ടായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. സബ്ഹായുടെ കാര്യത്തിലും ഗർഭിണിയാണെന്ന വിവരം വാങ്ങുന്ന സമയത്ത് അറിയില്ലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |