SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.09 PM IST

ഭക്ഷണശേഷം ഹോട്ടലുകൾ നൽകുന്ന ബില്ലിലെ ആ കള്ളക്കളി ഇനി നടക്കില്ല, പൂട്ടിടാൻ കേന്ദ്ര സർക്കാർ

food-table
ഹോട്ടൽ ഭക്ഷണം

വിശന്ന് കയറിച്ചെല്ലുമ്പോൾ മനസും വയറും നിറയ്‌ക്കുന്നത്ര ഭക്ഷണം നൽകുന്നവരാണല്ലോ ഹോട്ടലുകളും റെസ്റ്റോറെന്റുകളും. ഭക്ഷണവും ഭക്ഷണവിതരണക്കാരന്റെ ആതിഥ്യമര്യാദയും കണ്ട് പലരും മടങ്ങുംമുൻപ്‌ വെയ്‌റ്റർക്ക് കുറച്ചുപണം ടിപ്പായും നൽകാറുണ്ട്. എന്നാൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള പല റെസ്റ്റോറന്റുകളും നമ്മുടെനാട്ടിൽ നടത്തിവരുന്ന ചെറിയൊരു കള്ളക്കളിയുണ്ട്. കേന്ദ്ര സർക്കാർ അതിന് പൂട്ടിട്ടിരിക്കുകയാണിപ്പോൾ.

നടപടിയുമായി കേന്ദ്രം

കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് കീഴിൽ വരുന്ന കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) രാജ്യത്ത് സർവീസ് ചാർജ് എന്ന പേരിൽ ഉപഭോക്താവിൽ നിന്ന് പണം നിർബന്ധമായി ഈടാക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടിക്കൊരുങ്ങുകയാണ്.

കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി ഇക്കാര്യത്തിൽ ഹോട്ടലുകൾക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. സർവീസ് ചാർജോ അത്തരം നിയമത്തിൽ പറയാത്ത ചാർജുകളോ വാങ്ങുന്ന ഹോട്ടലുകൾക്ക് പിഴയും അവരുടെ സൽകീർത്തിക്ക് ദോഷവും സംഭവിക്കുമെന്നാണ് കേന്ദ്ര മുന്നറിയിപ്പ്. സിസിപിഎ സ്വമേധയാ രാജ്യത്തെ ഇത്തരത്തിലെ 41 ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തുകഴിഞ്ഞു. ദേശീയ കൺസ്യൂമർ ഹെൽപ്‌ലൈൻ വഴി പരാതിയും തെളിവും ലഭിച്ചതോടെയാണ് ഇത്തരത്തിൽ നടപടി കടുപ്പിച്ചത്.

സേവനങ്ങൾക്ക് നിർബന്ധമായും സർവീസ് ചാർജ് വാങ്ങിയിരുന്ന ഹോട്ടലുകളുടെ നടപടിക്കെതിരെ ഉപഭോക്താക്കൾക്ക് ഇതുവരെ ചോദ്യംചെയ്യാൻ സാധിച്ചിരുന്നില്ല. സർവീസ്‌ ചാർജ് കൂടി ചേർക്കുന്നവിവരം ഉപഭോക്താക്കളെ അറിയിച്ചിരുന്നുമില്ല. ഇതിനെതിരെയും ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ഗുണം അറിയിക്കുന്നതിനുമുള്ള അവസരമാണ് സിസിപിഎ നൽകുന്നത്.

bill-payment
പ്രതീകാത്മക ചിത്രം

സർവീസ് ചാർജ് നിയമപരമായി അനുവദിച്ചതല്ലേ?

അല്ല എന്നാണ് ഉത്തരം. പ്രത്യേകിച്ച് ഹോട്ടലുകൾ നേരിട്ട് ചിലപ്പോൾ സർവീസ്‌ ചാർജിൽ ജിഎസ്‌ടിയടക്കം വാങ്ങുന്നത് നിയമവിധേയമേയല്ല. 2019ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്‌ടിലെ സെക്ഷൻ 2(47) പ്രകാരം ഇത് മോശം വ്യാപാരരീതിയാണ്. 2022 ജൂലായ് നാലിന് സിസിപിഎ ഭക്ഷണബില്ലിനൊപ്പം റെസ്റ്റോറന്റുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്താൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചു. ഇതിനായി വ്യക്തമായ മാനദണ്ഡങ്ങളും പുറപ്പെടുവിച്ചു. കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്‌ട് പ്രകാരം ഇത്തരത്തിൽ പണമടക്കാൻ പറയുന്നത് മോശം വിൽപന രീതിയാണ്.

സിസിപിഎ മാർഗനിർദേശങ്ങൾക്കെതിരെ നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ 2025ൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പക്ഷെ കേസിൽ ഹൈക്കോടതി ഹോട്ടലുകളുടെ ഈ പതിവിനെ തള്ളിക്കളഞ്ഞു. സിസിപിഎ മാർഗനിർദേശങ്ങളെ അംഗീകരിച്ച കോടതി നിർബന്ധമായി സർവീസ് ചാർജ് വാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. എല്ലാ റെസ്റ്റോറന്റുകളും ഹോട്ടലുകളും സിസിപിഎ ചട്ടം അനുസരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

രാജ്യത്തെ മിക്ക ഹോട്ടലുകളും വർഷങ്ങളായി ബില്ലിൽ നിശ്ചിതശതമാനം സർവീസ് ചാർജ് ഉൾപ്പെടുത്താറുണ്ട്. ഇതിനെതിരെ സിസിപിഎ പ്രത്യക്ഷത്തിൽ നടപടി തുടങ്ങിയിട്ടുണ്ട്. ചില ഹോട്ടലുകളോട് ഉപഭോക്താക്കക്ക് പണം തിരികെ നൽകാനും നിർദ്ദേശിച്ചു. കസ്റ്റമർ സ്വന്തം ഇഷ്‌ടത്തിന് ടിപ് നൽകുന്നത് ഇതിൽ വരില്ലെന്ന് സർക്കാർ വ്യക്തമാക്കി. കസ്റ്റമർക്ക് സ്വന്തം ഇഷ്‌ടമനുസരിച്ച് ടിപ് നൽകാം. എന്നാൽ കസ്റ്റമർ സർവീസ് ചാർജ് നൽകാനാവില്ല. ചില ഹോട്ടലുകൾ സ്റ്റാഫ് വെൽഫെയർ ചാർജ് എന്നെല്ലാം പേര്മാറ്റി ബിൽ നൽകുന്നതായും ഉപഭോക്താക്കൾ സൂചിപ്പിക്കുന്നുണ്ട്. ഇവയും നിയമവിരുദ്ധമാണ്.

നിർബന്ധമായും സർവീസ് ചാർജ് അടയ്‌ക്കാൻ പറഞ്ഞാൽ

ഒരു കസ്റ്റമറോട് ഹോട്ടൽ അധികൃതർ നിർബന്ധമായും സർവീസ് ചാർജ് അടയ്‌ക്കാൻ പറഞ്ഞാൽ നാഷണൽ കൺസ്യൂമർ ഹെൽപ്‌ലൈൻ വഴി പരാതി നൽകാം. ഇതിനായി നാഷണൽ കൺസ്യൂമർ പ്രൊട്ടക്ഷൻ ഹെൽപ്‌ലൈനെ സമീപിക്കുകയോ 1915 എന്ന ടോൾഫ്രീ നമ്പർ ഉപയോഗിക്കുകയോ ചെയ്യാം. വെറും മുന്നറിയിപ്പ് മാത്രമല്ല ജനങ്ങളെ ബാധിക്കുന്ന ഈ പ്രശ്‌നത്തിൽ നേരിട്ടുള്ള നടപടി തന്നെയാകും കേന്ദ്ര സർക്കാർ വൃത്തങ്ങളിൽ നിന്നുമുണ്ടാകുക എന്നുതന്നെയാണ് ഇതിനർത്ഥം.

English Summary

The Central Consumer Protection Authority (CCPA), under the Ministry of Consumer Affairs, Food and Public Distribution, is preparing to take action against hotels across India that compulsorily collect service charges from customers, in violation of consumer protection guidelines.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOOD, RESTAURANT, SERVICE CHARGES, CCPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360