SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.06 PM IST

പാകിസ്ഥാനിൽ എച്ച് ഐ വി രോഗവ്യാപനം; 200 ശതമാനം വർദ്ധനവ്, ഉത്തരമില്ലാതെ ആശുപത്രികൾ

hiv-
പ്രതീകാത്മക ചിത്രം

ഇസ്‌ലാമാബാദ്: എച്ച് ഐ വി ബാധയുടെ പിടിയിലമർന്നിരിക്കുകയാണ് പാകിസ്ഥാൻ ജനതയെന്ന് റിപ്പോർട്ടുകൾ. 130 പേർക്കാണ് രാജ്യത്ത് അടുത്തിടെ എച്ച് ഐ വി സ്ഥിരീകരിച്ചത്. ഇതിൽ കുട്ടികളും ഉൾപ്പെടുന്നു. പാക് നഗരമായ കറാച്ചിയിലെ സർക്കാർ ആശുപത്രിയുടെ അലംഭാവമാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

സിന്ധ് എംപ്ളോയീസ് സോഷ്യൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂഷന്റെ പ്രവർത്തനത്തിലുള്ള കുൽസും ഭായ് വാലിക (കെബിവി) ആശുപത്രിയിലാണ് രോഗബാധ ആദ്യമുണ്ടായത്. അണുബാധ തടയൽ പ്രോട്ടോക്കോളുകളിലെ ഗുരുതരമായ വീഴ്ചകൾ, സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തമായ ഉപയോഗം, ഒറ്റത്തവണ ഉപയോഗിക്കാവുന്ന സിറിഞ്ചുകളുടെ തെറ്റായ കൈകാര്യം ചെയ്യൽ എന്നിവയാണ് രോഗവ്യാപനത്തിന് കാരണമായതെന്ന് അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു.

കെബിവി ആശുപത്രിയിലെ ഉൾപ്പെടെ 10,500 പേരെ പരിശോധിച്ചതിൽ 120 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി സിന്ധ് തൊഴിൽ മന്ത്രി സയ്യീദ് ഖാനി അടുത്തിടെ വ്യക്തമാക്കിയിരുന്നു. കറാച്ചിയിലെ ലാന്തി പ്രദേശത്ത് നടത്തിയ പരിശോധനയിൽ പത്തുപേരിലും രോഗബാധ കണ്ടെത്തി. ഇതോടെ മൊത്തം 130 പേരിൽ എച്ച് ഐ വി സ്ഥിരീകരിച്ചത്. കെബിവി ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടികളിൽ രോഗബാധ കണ്ടെത്തുന്നതായി കഴിഞ്ഞവർഷം നവംബറിലാണ് ആദ്യമായി പരാതി ഉയർന്നത്. കേസുകളുടെ എണ്ണം വർദ്ധിക്കുന്നതായി കണ്ടെത്തിയതോടെയാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്.

ആശുപത്രിയിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ സുരക്ഷാ മാനദണ്ഡങ്ങളിൽ വലിയ പരാജയങ്ങൾ കണ്ടെത്തിയതായി ജൂലായ് 14ന് സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ വെളിപ്പെടുത്തി. സിന്ധ് ഹെൽത്ത്കെയർ കമ്മിഷൻ സംഘം കെബിവി ആശുപത്രിയിൽ നടത്തിയ സന്ദർശനത്തിൽ നിരവധി സുരക്ഷാ നടപടികൾ നടപ്പാക്കിയിട്ടില്ലെന്ന് കണ്ടെത്തിയതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഉപയോഗിച്ച സൂചികൾ എങ്ങനെയാണ് സംസ്കരിക്കുന്നതെന്നോ മറ്റേതെങ്കിലും ബദൽ സംസ്കരണ രീതി നിലവിലുണ്ടോ എന്നോ ജീവനക്കാർക്ക് വിശദീകരിക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അണുബാധ തടയൽ, നിയന്ത്രണം എന്നിവ സംബന്ധിച്ച് ജീവനക്കാർക്ക് പരിശീലനം ലഭിച്ചിട്ടില്ലെന്നും റിപ്പോ‌ർട്ടിൽ വ്യക്തമാക്കുന്നു.

ആശുപത്രിയിലെ മെഡിക്കൽ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന ഓട്ടോക്ലേവ് എന്ന യന്ത്രവും കണ്ടെത്താൻ സാധിച്ചില്ല. ഡ്യൂട്ടി സമയങ്ങളിൽ നഴ്‌സിംഗ്, ഓപ്പറേഷൻ തിയറ്റർ (ഒടി) ജീവനക്കാർ ലഭ്യമല്ലാത്തതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മെഡിക്കൽ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുന്നത് മാർഗനിർദ്ദേശങ്ങൾക്കനുസൃതമായിട്ടല്ലെന്നും കണ്ടെത്തി. മാത്രമല്ല, മെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും കരാറേറ്റെടുത്തിട്ടുള്ള സ്വകാര്യ കരാറുകാരന് ശരിയായ പരിശീലനം ലഭിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സിന്ധിലെ എച്ച് ഐ വി വ്യാപനം ഒറ്റപ്പെട്ട സംഭവമല്ല. ലോകാരോഗ്യ സംഘടനയുടെ കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ ഏറ്റവും വേഗത്തിൽ എച്ച്ഐവി പകർച്ചവ്യാധിയുണ്ടാവുന്ന രാജ്യങ്ങളിലൊന്ന് പാകിസ്ഥാൻ ആണെന്ന് കഴിഞ്ഞ ഡിസംബറിൽ ലോകാരോഗ്യ സംഘടനയും യുഎൻഎയ്ഡ്‌സും മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ 15 വർഷത്തിനിടെ എച്ച് ഐ വി അണുബാധകളുടെ എണ്ണം പാകിസ്ഥാനിൽ ഗണ്യമായി വർദ്ധിച്ചു. 2010ൽ 16,000 കേസുകളിൽ നിന്ന് 2024 ആയപ്പോഴേക്കും ഏകദേശം 48,000 ആയി 200 ശതമാനം വർദ്ധനവുണ്ടായി. പാകിസ്ഥാനിൽ ഏകദേശം 35,000 ആളുകൾ എച്ച്ഐവി ബാധിതരാണ്. അവരിൽ 80 ശതമാനവും ഇതിനെക്കുറിച്ച് ബോധവാന്മാരല്ലെന്ന് ആരോഗ്യ വിദഗ്ദ്ധ‌ർ അഭിപ്രായപ്പെടുന്നു.

14 വയസിന് താഴെയുള്ള കുട്ടികളിൽ എച്ച് ഐ വി അണുബാധ 2010ൽ 530 ആയിരുന്നത് 2023ൽ 1,800 ആയി വർദ്ധിച്ചു. എച്ച് ഐ വി ബാധിതരായ കുട്ടികളിൽ 38 ശതമാനം പേർക്ക് മാത്രമേ നിലവിൽ ചികിത്സ ലഭിക്കുന്നുള്ളൂ. അതേസമയം അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകരുന്നത് തടയാൻ മരുന്ന് ആവശ്യമുള്ള ഗർഭിണികളിൽ 14 ശതമാനം പേർക്ക് മാത്രമാണ് ചികിത്സ ലഭ്യമാകുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

English Summary

Reports state that 130 people, including children, have recently tested positive for HIV in Pakistan. The outbreak is linked to alleged negligence at a government hospital in Karachi, where poor infection control practices, inadequate safety measures, and improper handling of disposable syringes reportedly contributed to the spread.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIVAGIRI, HIV IN PAKISTAN, HIV OUTBREAK IN PAKISTAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360