ഗാങ്‌ടോക്: സിക്കിമിലെ തെക്കൻ ജില്ലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ 10 പേർ കൊല്ലപ്പെട്ടു. മലയാളിയടക്കം നിരവധിപേരെ കാണാതായതായാണ് വിവരം. കോട്ടയം സ്വദേശിയായ എൻഎച്ച്പിസി സീനിയർ മാനേജർ അനീഷ് മോഹനെയാണ് കാണാതായത്. ശാസ്‌ത്രലേഖകനും സയൻസ് വ്ലോഗറും കൂടിയാണ് ജിയോളജിസ്റ്റായ അനീഷ്.
18ലധികം ആളുകൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും സുരക്ഷാനടപടികളും പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ട 12പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
തെക്കൻ സിക്കിമിലെ സമർഡുങ് ടണലിലാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ തുരങ്കത്തിന്റെ പ്രവേശനകവാടം മുഴുവനായി അടഞ്ഞു. ഈ സമയം തുരങ്കത്തിനുള്ളിൽ ജോലിചെയ്‌തുകൊണ്ടിരുന്ന തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയായിരുന്നു. ഇതിനുപിന്നാലെ തുരങ്കത്തിനുള്ളിലുണ്ടായ മീഥേൻ വാതകച്ചോർച്ച രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്. രക്ഷാപ്രവർത്തകരിൽ ചിലർക്ക് ഇതുമൂലം തലകറക്കവും ബോധക്ഷയവും ഉണ്ടായതായാണ് വിവരം. ഇവരെ സുരക്ഷിതമായി പുറത്തെടുത്ത് ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
പ്രവേശനകവാടം അടഞ്ഞതിനാൽ തുരങ്കത്തിലുള്ളവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ സങ്കീർണമായി തുടരുകയാണ്. രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനായി പ്രദേശത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം ദുഷ്‌കരമായി തുടരുകയാണെന്നും മണ്ണിടിച്ചിലിന്റെ കാരണം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ആരംഭിച്ചിട്ടുണ്ടെന്നും ജില്ലാ കളക്‌ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |