
ന്യൂഡൽഹി: പ്രതിരോധം, ബഹിരാകാശം, ആണവോർജ്ജം തുടങ്ങിയ മേഖലകളിലുൾപ്പെടെ തന്ത്രപ്രധാന പങ്കാളിത്തം കരുത്തുറ്റതാക്കാൻ ഇന്ത്യ- പോളണ്ട് ധാരണ. മൂന്നുദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള ചർച്ചകളിലാണ് ധാരണയായത്. 2030 ഓടെ വ്യാപാരം ഇരട്ടിയാക്കാനും തീരുമാനമായി. സംയുക്തമായി സാങ്കേതികവിദ്യ വികസിപ്പിക്കൽ, കൈമാറൽ, ഉത്പാദനം, വ്യാവസായിക സഹകരണം എന്നിവ ലക്ഷ്യമിട്ടുള്ള ചട്ടക്കൂടൊരുക്കും.
ഇരുരാജ്യങ്ങളുടെയും പ്രതിരോധ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണവും വർദ്ധിപ്പിക്കും. ആണവോർജ്ജം, നിർണായ ധാതുക്കൾ, ഫാർമസ്യൂട്ടിക്കൽസ്, ഖനനം, നിർണായക ധാതുക്കൾ, ഊർജ്ജം എ.ഐ, സെമികണ്ടക്ടറുകൾ, ക്വാണ്ടം സാങ്കേതികവിദ്യകളിൽ സംയുക്ത ഗവേഷണം നടത്തും. ഇരു രാജ്യങ്ങളിലെയും സംരംഭങ്ങളും ഗവേഷണ സ്ഥാപനങ്ങളും തമ്മിൽ സഹകരണം പ്രോത്സാഹിപ്പിക്കും.
രണ്ടാം ലോകമഹായുദ്ധസമയത്ത്, ജാംനഗറിലെയും കോലാപ്പൂരിലെയും രാജകുടുംബങ്ങൾ ആയിരക്കണക്കിന് പോളിഷ് കുട്ടികൾക്കും കുടുംബങ്ങൾക്കും ഇന്ത്യയിൽ അഭയം നൽകിയതിനെക്കുറിച്ച് ഡൊണാൾഡ് ടസ്‌കും 2022ൽ യുക്രെയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ പോളണ്ട് നൽകിയ സഹായത്തെക്കുറിച്ച് നരേന്ദ്രമോദിയും പറഞ്ഞു. റെയിൽവേ, മൊബിലിറ്റി, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ്, ഭക്ഷ്യ സംസ്കരണം, ബയോടെക് തുടങ്ങിയ മേഖലകളിൽ പോളണ്ടിൽ നിന്ന് പുതിയ നിക്ഷേപങ്ങൾ തേടുകയാണെന്ന് മോദി പറഞ്ഞു. 'ഇരുരാജ്യങ്ങളും ജനാധിപത്യ മൂല്യങ്ങളിലും നിയമവാഴ്ചയിലും വിശ്വസിക്കുന്നു. യുക്രെനിലും പശ്ചിമേഷ്യയിലും സമാധാനം സ്ഥാപിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ തുടർന്നും പിന്തുണയ്ക്കും'. - പ്രധാനമന്ത്രി നരേന്ദ്രമോദി
' മോദി പ്രത്യാശയുടെ വെളിച്ചം'
ടസ്‌ക് മോദിയെ 'പ്രത്യാശയുടെ ദീപം' എന്ന് വിശേഷിപ്പിച്ചു. മോദിയുടെ നേതൃത്വം ലോകത്തിന് പ്രതീക്ഷ നൽകുന്നു. അദ്ദേഹത്തിന്റെ സുഹൃത്തെന്ന് അറിയിപ്പെടുന്നതിൽ അഭിമാനമുണ്ടെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |