
ന്യൂഡൽഹി: ഭർത്താവ് പാമ്പിന്റെ കടിയേറ്റ് മരിച്ചുവെന്ന് കള്ളക്കഥയുണ്ടാക്കിയ ഭാര്യയ്ക്കും കാമുകനും വധശിക്ഷ വിധിച്ച് ഉത്തർപ്രദേശിലെ മീററ്റ് സെഷൻസ് കോടതി. അമിത കശ്യപിനെ ഭാര്യ രവിതയും(28), കാമുകൻഅമർദീപും(20) കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് സംശയാതീതമായി തെളിഞ്ഞു.
2025 ഏപ്രിൽ13ന് രാവിലെയാണ് അമിതിനെ വീട്ടിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ജീവനുള്ള പാമ്പും സമീപത്തുണ്ടായിരുന്നു. പാമ്പുകടിച്ചു മരിച്ചതാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് പ്രതികൾ ശ്രമിച്ചത്. എന്നാൽ സാഹചര്യതെളിവുകളും സാക്ഷിമൊഴികളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പ്രതികളുടെ പങ്ക് തെളിയിക്കുന്നതിൽ നിർണായകമായി. അമർദീപാണ് പാമ്പിനെ സംഘടിപ്പിച്ചത്. അമിതിന്റെ മുഖത്തെയും കഴുത്തിലെയും മുറിവുകൾ മൂത്തസഹോദരൻ മോനുകശ്യപ് ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ പരാതിയിലായിരുന്നു അന്വേഷണം. അമിതിനൊപ്പം ജോലി ചെയ്തിരുന്ന അമർദീപുമായി രവിതയ്ക്ക് ബന്ധമുണ്ടായിരുന്നു. കൊലപാതകത്തിന്റെ തലേദിവസം ഇതേചൊല്ലി രവിതയും അമിതുമായി വഴക്കുണ്ടായി. തുടർന്ന് കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും ജഡ്ജി പറഞ്ഞു. ദമ്പതികളുടെ
മൂന്ന് കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും ജില്ലാ ഭരണകൂടം എറ്രെടുക്കണമെന്നും നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |