SignIn
Kerala Kaumudi Online
Saturday, 24 October 2026 4.38 AM IST

അരുണാചൽ അതിർത്തിയിൽ ചൈനയുമായി വീണ്ടും മുഖാമുഖം ; സംഘർഷം

india-china

ന്യൂഡൽഹി: അരുണാചൽപ്രദേശിലെ അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികർ മുഖാമുഖം എത്തുന്നുണ്ടെന് ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് (ഐ.ടി.ബി.പി) മേധാവി ശത്രുജീത് കപൂർ. പല മേഖലയിലും സംഘർഷ സാഹചര്യമാണ്. പുതുതായി രൂപീകരിച്ച ശൗര്യ കമാൻഡോകൾ ഏറ്റുമുട്ടലുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു.

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടി വേളയിലും അരുണാചലിൽ മുഖാമുഖം വന്നിരുന്നതായി സൂചന. 2020ലെ ഗാൽവാൻ സംഘർഷം ആവർത്തിക്കാതിരിക്കാൻ അതിർത്തിയിലെ സേനാംഗങ്ങൾക്ക് 'സ്‌ട്രൈക്ക്"എന്ന പേരിൽ പ്രത്യേക യുദ്ധപരിശീലനവും ആരംഭിച്ചിട്ടുണ്ട്. ഐ.ടി.ബി.പിയുടെ എല്ലാ ബറ്റാലിയനുകളിലും ഡ്രോൺ സംഘങ്ങൾ രൂപീകരിക്കും.

ഡ്രോണുകളുടെ നിർമ്മാണം, പ്രവർത്തിപ്പിക്കൽ, ശത്രുനീക്കം നിരീക്ഷിക്കൽ എന്നിവയിലും ശേഷി വർദ്ധിപ്പിക്കും. ഡ്രോണുകൾക്കും പ്രതിരോധ സംവിധാനങ്ങൾക്കുമായി 3,000 കോടിയിലേറെ രൂപയുടെ ധനസഹായത്തിന് ആഭ്യന്തര മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 ഘാതക് പ്ലാറ്റൂണിനെ വിന്യസിച്ചേക്കും

സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കരസേനയുടെ 'ഘാതക്" എന്ന പ്രത്യേക ആക്രമണസംഘത്തെയും വിന്യസിച്ചേക്കും. ശത്രുനിരയിലേക്ക് കടന്നുകയറുക, മലമുകളിലെ നിർണായക സ്ഥാനങ്ങൾ പിടിച്ചെടുക്കുക, അപകടകരമായ ദൗത്യങ്ങൾ നിറവേറ്റുക എന്നിവയാണ് ചുമതല. 2020 ജൂണിലെ ഗാൽവാൻ ഏറ്റുമുട്ടലിൽ ചൈനയ്‌ക്ക് തിരിച്ചടി നൽകിയത് ഈ വിഭാഗമായിരുന്നു. അതിർത്തിയിൽ ഇരുഭാഗത്തെയും സൈനികർക്ക് ആയുധം ഉപയോഗിക്കുന്നതിന് വിലക്കുള്ളതിനാൽ ഘാതക് വിഭാഗത്തെയാണ് നിയോഗിക്കുന്നത്. കൈയിൽ കിട്ടുന്നത് എന്തും ആയുധമാക്കി ആക്രമിക്കാൻ പ്രത്യേകം പരിശീലനം നേടിയ വിഭാഗമാണിത്.

ഗാൽവാൻ സംഘർഷത്തിൽ ചൈനീസ് സൈനികരെ കഴുത്തൊടിച്ച് വധിച്ചാണ് ഘാതകുകൾ തിരിച്ചടിച്ചത്.

 ചോദ്യവുമായി പ്രതിപക്ഷം
അരുണാചലിൽ ഇന്ത്യയുടെ പട്രോളിംഗ് അവകാശങ്ങൾ പൂർണമായി പുനഃസ്ഥാപിച്ചിട്ടുണ്ടോയെന്നും അതിർത്തിയിലെ യഥാർത്ഥ സ്ഥിതി പാർലമെന്റിനെ അറിയിക്കണമെന്നും പ്രതിപക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. മോദി - ഷി ജിൻപിംഗ് കൂടിക്കാഴ്ചകളും ബ്രിക്‌സ്-എസ്.സി.ഒ ഉച്ചകോടികളും അതിർത്തി ചർച്ചകളും എന്ത് ഫലം നൽകിയെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ആവശ്യപ്പെട്ടു. സൈന്യത്തിൽ പൂർണ വിശ്വാസമുണ്ടെന്നും ദേശീയസുരക്ഷയുടെ കാര്യത്തിൽ ഉത്തരവാദിത്വവും സുതാര്യതയുമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA VS CHINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360