SignIn
Kerala Kaumudi Online
Saturday, 24 October 2026 3.34 AM IST

ചട്ട ഭേദഗതിക്ക് കേന്ദ്രം: ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പാസാകാൻ 75% മാർക്ക് വേണം

driving-licence

ന്യൂഡൽഹി:ലേണേഴ്സ് ലൈസൻസിനുള്ള ഡ്രൈവിംഗ് പരീക്ഷയിൽ ജയിക്കാനുളള കുറഞ്ഞ മാർക്ക് 60ൽ നിന്ന് 75ശതമാനമാക്കാൻ കേന്ദ്രറോഡ് ഗതാഗതമന്ത്രാലയം. ലൈസൻസിന്റെ രൂപത്തിലും അപേക്ഷാനടപടികളിലും രേഖകളുടെ മാനദണ്ഡങ്ങളിലും മാറ്റം നിർദേശിച്ച് മോട്ടോർവാഹന ചട്ടഭേദഗതിക്കുള്ള കരട് വിജ്ഞാപനവും പുറത്തിറക്കി.

ഇന്ത്യൻ പൗരന്മാർക്കും വിദേശികൾക്കും വ്യത്യസ്ത നിറത്തിലുള്ള ലൈസൻസ്, ലൈസൻസിൽ രക്തഗ്രൂപ്പും മൊബൈൽ നമ്പറും അടിയന്തരമായി ബന്ധപ്പെടേണ്ടവരുടെ നമ്പറും ഉൾപ്പെടുത്തൽ എന്നിവയാണ് പ്രധാനനിർദേശങ്ങൾ.

ഡ്രൈവിംഗ് ട്യൂട്ടോറിയൽ കുറഞ്ഞത് 30മിനിറ്റായിരിക്കണം. ട്യൂട്ടോറിയൽ 15 ദിവസത്തിനകം പൂർത്തിയാക്കിയാൽ മതി. പഴയ ലേണേഴ്സ് ലൈസൻസുള്ളവർക്കും ഡ്രൈവിംഗ് സ്‌കൂൾ സർട്ടിഫിക്കറ്റുള്ളവർക്കും പരീക്ഷയിൽനിന്ന് ഇളവ് നൽകുന്നതും അവസാനിപ്പിക്കണം.

പുതിയതും പുതുക്കുന്നതുമായ ലൈസൻസുകൾ ലാമിനേറ്റ് ചെയ്തതോ പി.വി.സി കാർഡിലുള്ളതോ ആയിരിക്കണം. ഇന്ത്യൻ, വിദേശപൗരന്മാരുടെ ലൈസൻസുകൾക്ക് വ്യത്യസ്ത പശ്ചാത്തലനിറങ്ങളും പൗരത്വവിവരവും ഉണ്ടാകും. ആരോഗ്യപ്രശ്നങ്ങൾ, അലർജി, മരുന്നുകളുടെയോ ചികിത്സാനിർദേശങ്ങളുടെയോ വിവരങ്ങൾ, അവയവദാനസമ്മതം എന്നിവ രേഖപ്പെടുത്തണം.

പേരും വിലാസവുമെല്ലാം തിരുത്താൻ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയിൽ 15ദിവസത്തിനകം തീരുമാനമെടുക്കണം. നിരസിച്ചാൽ കാരണം അറിയിക്കണം. വിലാസമാറ്റ അപേക്ഷയിൽ 30ദിവസത്തിനകം തീരുമാനമുണ്ടായില്ലെങ്കിൽ അംഗീകരിച്ചതായി കണക്കാക്കും. വ്യക്തിവിവരങ്ങൾ മാറ്റുന്നതിനുള്ള ഫീസ് ഒഴിവാക്കാനും ആധാർ തിരിച്ചറിയൽ ഉറപ്പാക്കിയുള്ള ഓൺലൈൻ സേവനങ്ങൾ സൗജന്യമാക്കാനും നിർദേശമുണ്ട്. താമസം മാറുന്നതിന് നിരാക്ഷേപപത്രം വൈകി സമർപ്പിക്കുന്നതിനുള്ള അധികഫീസുണ്ടാവില്ല.

തിരിച്ചറിയൽ, പ്രായം, വിലാസം എന്നിവ തെളിയിക്കാനുളള രേഖകളുടെ പട്ടികയും പുതുക്കും. ആധാർ, പാസ്‌പോർട്ട്, വോട്ടർ തിരിച്ചറിയൽ കാർഡ്,

ഇ-റേഷൻ കാർഡ്, ജനനസർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ രേഖകൾ, സർക്കാർ ജീവനക്കാരുടെ തിരിച്ചറിയൽ രേഖകൾ, പെൻഷൻ രേഖകൾ എന്നിവ ഇതിലുൾപ്പെടും. മൂന്ന് മാസത്തിൽ പഴക്കമില്ലാത്ത വൈദ്യുതി, പാചകവാതകബില്ലുകളും രേഖയാക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRIVING LICENCE TEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360