
മുംബയ്: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെതിരായ വധശ്രമ കേസിൽ ഒരാൾ കൂടി പിടിയിൽ. ആക്രമണത്തിന് സാമ്പത്തിക സഹായം നൽകിയ പ്രതിയെ മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ഇതിനിടെ വധശ്രമക്കേസിൽ പുതിയ വെളിപ്പെടുത്തൽ. ടൈഗറിനെ ലക്ഷ്യംവയ്ക്കാൻ കാരണം, മുൻപ് അദ്ദേഹം സൽമാൻ ഖാനെ പൊതുവേദിയിൽ പുകഴ്ത്തിയതാണെന്ന് അറസ്റ്റിലായ പ്രതികളിൽ ഒരാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
2022ൽ ഒരു സിനിമാ പ്രൊമോഷൻ പരിപാടിക്കിടെ 'ഫിലിം ഇൻഡസ്ട്രിയിലെ ഒരേയൊരു ടൈഗർ സൽമാൻ ഖാൻ ആണ്' എന്ന് ടൈഗർ ഷ്റോഫ് പ്രശംസിച്ചത്. ഇതായിരിക്കാം ടൈഗർ ബിഷ്ണോയ് സംഘത്തിന്റെ നോട്ടപ്പുള്ളിയാകാൻ കാരണമെന്നാണ് പ്രതികളിലൊരാൾ പൊലീസിന് മൊഴി നൽകിയത്. സൽമാൻ ഖാനുമായി ബന്ധമുള്ളവർക്ക് നേരത്തെയും ബിഷ്ണോയ് സംഘത്തിന്റെ ഭീഷണികളും ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
1999ൽ 'ഹം സാത്ത് സാത്ത് ഹേൻ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സൽമാൻ ഖാൻ ഒരു കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നുവെന്ന് ആരോപണത്തിന് പിന്നാലെയാണ് ബിഷ്ണോയ് സംഘത്തിന്റെ ശത്രുവായി നടൻ മാറിയത്. ലോറൻസ് ബിഷ്ണോയിയുടെ സമുദായത്തിൽ ഈ മൃഗത്തെ പവിത്രമായ ഒന്നായാണ് കണക്കാക്കുന്നത്. അതിനാൽ സൽമാൻ ഖാൻ മാപ്പ് പറയണമെന്നും അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ലോറൻസ് ഭീഷണി മുഴക്കിയിരുന്നു.
ടൈഗർ ഷ്റോഫിന് നേരെ മുംബയിൽ നടന്ന ആക്രമണത്തിന് മുൻപ് സൽമാൻ ഖാനെ വെടിവയ്ക്കാൻ ലോറൻസ് ബിഷ്ണോയ് സംഘത്തിലെ അംഗങ്ങൾ പദ്ധതിയിട്ടിരുന്നു. എന്നാൽ സൽമാൻ ഖാന്റെ ബാന്ദ്രയിലുള്ള ഗാലക്സി അപ്പാർട്ട്മെന്റിന് മുന്നിൽ കനത്ത പൊലീസ് സുരക്ഷയും ബാന്ദ്ര പൊലീസ് സ്റ്റേഷന്റെ പട്രോളിംഗ് വാനും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച പൊലീസുകാരെയും കണ്ടതിനെ തുടർന്ന് പദ്ധതി ഉപേക്ഷിച്ച് മടങ്ങുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. തുടർന്നാണ് ടൈഗറിനെതിരേ വധശ്രമമുണ്ടായത്. രണ്ട് അക്രമികൾ ടൈഗറിന്റെ വാഹനത്തിനുനേർക്ക് ഏഴുവട്ടമാണ് വെടിയുതിർത്തത്. തുടർന്ന് രക്ഷപ്പെട്ട അക്രമികളെ കോട്ട റെയിൽവേ സ്റ്റേഷനിൽ, പൂനെ-ജയ്പൂർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ നിന്നാണ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |