
പാരീസ്: പ്രക്ഷോഭങ്ങൾ ആളിക്കത്തുന്നതിനിടെ ഫ്രാൻസിനെ ഞെട്ടിച്ച് ഭീകരാക്രമണം. തലസ്ഥാനമായ പാരീസിൽ 39കാരൻ നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. 5 പേർക്ക് ഗുരുതര പരിക്കേറ്റു. പ്രാദേശിക സമയം ഇന്നലെ രാവിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളായ ട്രാപ്പിലും ലാ വെർയെറിലുമായാണ് സംഭവം. വെടിയേറ്റവർ ആഫ്രിക്കൻ വംശജരാണെന്ന് റിപ്പോർട്ടുണ്ട്.
പ്രധാന റോഡിലൂടെ കാറിൽവന്ന അക്രമി മുന്നിൽക്കണ്ടവരെയെല്ലാം വെടിവച്ചുവീഴ്ത്തി. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സമീപത്തെ പട്ടണത്തിൽ നിന്ന് പൊലീസ് പിടികൂടി. കസ്റ്റഡിയിലുള്ള ഇയാളുടെ പേരുൾപ്പെടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഭീകരാക്രമണം എന്ന നിലയിലാണ് അന്വേഷണം. ഏതെങ്കിലും ഭീകരവാദ ഗ്രൂപ്പുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും വംശീയ, മതപരമായ കാരണങ്ങളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി തുടങ്ങിയ കാരണങ്ങളാൽ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങളുമായി ആക്രമണത്തിന് ബന്ധമുണ്ടോയെന്നതും പരിശോധിക്കും. 17നുണ്ടായതിനുസമാനമായി രാജ്യവ്യാപക പ്രക്ഷോഭം ഇന്ന് ഫ്രാൻസിൽ നടക്കാനിരിക്കെയാണ് ആക്രമണം. കലാപവും കൊള്ളയും ആവർത്തിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അതീവ ജാഗ്രതയിലാണ് സർക്കാർ.
12കാരിക്ക് വെടിയേറ്റത്
എട്ടുതവണ
വെടിവയ്പ് ആശുപത്രി, പെട്രോൾ പമ്പ് തുടങ്ങി ജനത്തിരക്കേറിയ കേന്ദ്രങ്ങൾക്ക് സമീപം. അക്രമിയെത്തിയത് ഓട്ടോമാറ്റിക് / മിലിട്ടറി ഗ്രേഡ് ആയുധവുമായി
പന്ത്രണ്ടുകാരിക്ക് എട്ടുതവണ വെടിയേറ്റെന്ന് റിപ്പോർട്ട്
# ഭീതിയിൽ രാജ്യം
1. ഇന്നത്തെ പ്രക്ഷോഭം നേരിടാൻ 70,000 പൊലീസുകാരെ വിന്യസിച്ചു. തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകൾ വിദ്യാർത്ഥികളെയടക്കം ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രി ലോറന്റ് നൂന്യസ്. കെട്ടിടങ്ങൾ തകർക്കണമെന്ന ആഹ്വാനം ഓൺലൈനിൽ പ്രചരിക്കുന്നു
2. പാരീസ്, ലിയോൺ, മാർസേയ് നഗരങ്ങളിൽ പ്രക്ഷോഭങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയെങ്കിലും വകവയ്ക്കില്ലെന്ന് സമരക്കാർ. ലൂവ്ര് മ്യൂസിയം അടക്കം സാംസ്കാരിക കേന്ദ്രങ്ങളും കടകളും ഇന്ന് അടച്ചിടും. 3,000 കടകളാണ് കഴിഞ്ഞ ആഴ്ചത്തെ കലാപത്തിനിടെ കൊള്ളയടിച്ചത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |