
ബെല്‍ഫാസ്റ്റ്: അയര്‍ലാന്‍ഡിന് എതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെട്ടുവെങ്കിലും 15കാരന്‍ വൈഭവ് സൂര്യവംശിക്ക് ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ ഇടമില്ല. ഇന്ത്യക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡ് മറികടക്കാന്‍ ഇടങ്കയ്യന്‍ ബാറ്റര്‍ അല്‍പ്പം കൂടി കാത്തിരിക്കണം. ഇപ്പോഴിതാ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ട് വൈഭവിന് പ്ലേയിംഗ് ഇലവനില്‍ ഇടമില്ലെന്ന് തുറന്ന് പറയുകയാണ് ടീമിന്റെ ബാറ്റിംഗ് പരിശീലകന്‍ സിതാന്‍ഷു കോട്ടക്.
ഇപ്പോള്‍ ഇന്ത്യയുടെ ടോപ്പ് ഓര്‍ഡറിലെ മൂന്ന് ബാറ്റര്‍മാരും മികച്ച ഫോമില്‍ കളിക്കുന്നവരാണ്. അവരില്‍ ഒരാളെ മാറ്റിയ ശേഷം വൈഭവിനെ കളിപ്പിക്കുന്നത് ഉചിതമല്ലെന്നാണ് കോട്ടക്ക് പറഞ്ഞത്. അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഐസിസി ട്വന്റി 20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്നും രണ്ടും സ്ഥാനത്ത് ഉള്ളവരാണ്. സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം സ്വന്തമാക്കിയ താരവും. അപ്പോള്‍ ഇവരില്‍ ഒരാളെ മാറ്റുന്നത് നീതികേടാണ്.
നേരത്തെ വൈഭവിന്റെ അരങ്ങേറ്റത്തെ കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചിരുന്നില്ല. പുതിയ നായകന്‍ ശ്രേയസ് അയ്യരും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അധികം വൈകാതെ തന്നെ വൈഭവിന് തന്റെ അവസരങ്ങള്‍ ലഭിക്കുമെന്നും പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സിതാന്‍ഷു കോട്ടക്ക് പറഞ്ഞിരുന്നു. ഐപിഎല്ലിലും ഇന്ത്യ എ ടീമിന് വേണ്ടിയും തകര്‍പ്പന്‍ പ്രകടനം നടത്തിയതിന് പിന്നാലെയാണ് വൈഭവ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |