
ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ബ്രസീൽ 3-0ത്തിന് സ്കോട്ട്‌ലാൻഡിനെ തോൽപ്പിച്ചു
ഇരട്ട ഗോളടിച്ച് വിനീഷ്യസ് വിനീഷ്യസ്, ഒരു ഗോളടിച്ച് മാത്യൂസ് കുഞ്ഞ്യ
മയാമി : ആദ്യ മത്സരത്തിൽ മൊറോക്കോയോട് 1-1ന് സമനിലയിൽ പിരിഞ്ഞെങ്കിലും തുടർന്നുള്ള രണ്ട് മത്സരത്തിലും തകർപ്പൻ ജയം നേടി സി ഗ്രൂപ്പിലെ ഒന്നാമന്മാരായി ബ്രസീൽ ലോകകപ്പിന്റെ രണ്ടാം റൗണ്ടിലെത്തി. കഴിഞ്ഞരാത്രി നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്കോട്ട്ലാൻഡിനെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്കാണ് ബ്രസീൽ കീഴടക്കിയത്. രണ്ടാം മത്സരത്തിൽ ഹെയ്തിയെ കീഴടക്കിയതും ഇതേ സ്കോറിനായിരുന്നു. ഹെയ്തിക്കെതിരെ മാത്യൂസ് കുഞ്ഞ്യ ഇരട്ട ഗോളും വിനീഷ്യസ് ജൂനിയർ ഒരു ഗോളും നേടിയിരുന്നെങ്കിൽ സ്കോട്ട്‌ലാൻഡിനെതിരെ വിനീഷ്യസ് ഇരട്ടഗോളുകളും മാത്യൂസ് ഒരു ഗോളുംനേടി.
കഴിഞ്ഞകളിയിൽ പരിക്കേറ്റ റഫീഞ്ഞയെ ഒഴിവാക്കി കളത്തിലിറങ്ങിയ ബ്രസീലിനെ ഏഴാം മിനിട്ടിൽതന്നെ വിനീഷ്യസ് മുന്നിലെത്തിച്ചു. സ്വന്തം ബോക്സിൽ പന്ത് ക്ളിയർ ചെയ്യാൻ മറന്ന സ്കോട്ടിഷ് പ്രതിരോധ ഭടന്റെ പിഴവിൽ നിന്ന് കിട്ടിയ പന്ത് റയാൻ വിനിക്ക് നൽകുകയായിരുന്നു. ഞെട്ടിനിന്ന ഗോളിയെ വെട്ടിച്ചുകയറി ആളൊഴിഞ്ഞ പോസ്റ്റിലേക്ക് വിനിയുടെ ഫിനിഷ്. തൊട്ടുപിന്നാലെ വിനീഷ്യസ് വീണ്ടും വലകുലുക്കിയെങ്കിലും അതിനുമുമ്പ് സ്കോട്ടിഷ് താരത്തെ ഫൗൾ ചെയ്‌തതിനാൽ ആ ഗോൾ റഫറി അസാധുവാക്കി. എങ്കിലും വിടാതെ മുന്നേറിയ വിനി ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ രണ്ടാം ഗോളുമടിച്ചു.ബ്രൂണോ ഗുയ്മറെസിന്റെ പാസിൽ നിന്നായിരുന്നു വിനിയുടെ രണ്ടാം ഗോൾ.60-ാം മിനിട്ടിലെ മാത്യൂസ് കുഞ്ഞയുടെ ഗോളിനും പന്തെത്തിച്ചത് ഗുയ്മറെസായിരുന്നു.
നെയ്മർ ഇറങ്ങി, 981
ദിവസത്തിന് ശേഷം
മൂന്നുവർഷത്തോളം ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ നിന്ന് പരിക്കുമൂലം വിട്ടുനിൽക്കേണ്ടിവന്ന സൂപ്പർ താരം നെയ്മർ ഇന്നലെ സ്കോട്ട്‌ലാൻഡിനെതിരായ ലോകകപ്പ് മത്സരത്തോടെ ദേശീയ ടീമിൽ തിരിച്ചെത്തി. 76-ാം മിനിട്ടിൽ മാത്യൂസ് കുഞ്ഞ്യയ്ക്ക് പകരക്കാരനായി കളത്തിലേക്കെത്തിയ നെയ്മറിനെ വൻകരഘോഷത്തോടെയാണ് മയാമിയിലെ ഗാലറി സ്വീകരിച്ചത്. സെന്റർ ഫോർവേഡിന്റെ റോളിൽ കളിച്ച നെയ്മർ ഗോളടിച്ചില്ലെങ്കിലും മികച്ച ടച്ചുകളിലൂടെ ആവേശം പകർന്നു.
981ദിവസത്തിന് ശേഷമാണ് നെയ്മർ ബ്രസീലിനായി കളിച്ചത്. 2023ൽ ഉറുഗ്വേയ്ക്ക് എതിരെയായിരുന്നു ഇതിന് മുമ്പുള്ള മത്സരം. പരിക്കുമാറി ലോകകപ്പ് ടീമിലെടുത്തെങ്കിങ്കിലും പരിശീലനത്തിനിറങ്ങിയപ്പോൾ വീണ്ടും പരിക്കേറ്റതിനാലാണ് ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നത്.
ഗ്രൂപ്പ് സിയിലെ സ്ഥിതി
7 പോയിന്റുമായി ബ്രസീൽ ഒന്നാമത്.
7 പോയിന്റുള്ള മൊറോക്കോ രണ്ടാമത്.
3 പോയിന്റുള്ള സ്കോട്ട്‌ലാൻഡ് മൂന്നാമത്
മൂന്നുകളിയും തോറ്റ ഹെയ്തി പുറത്തായി. ബ്രസീലും മൊറോക്കോയും ഗ്രൂപ്പിലെ ആദ്യ രണ്ട്സ്ഥാനക്കാരെന്ന നിലയിൽ രണ്ടാം റൗണ്ടിലെത്തി. സ്കോട്ട്‌ലാൻഡ് മികച്ച മൂന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലെത്താൻ സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |