SignIn
Kerala Kaumudi Online
Sunday, 11 October 2026 10.45 PM IST

'അദ്ദേഹത്തിന്റെ കരുത്ത് വാക്കിലല്ല, പ്രവൃത്തിയിലാണ്',​ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക്കിന്റെ വളർച്ചയെക്കുറിച്ച് കാമുകി മഹീക

READ ENGLISH VERSION
hardik-pandya-mahika-
ഹാർദിക് പാണ്ഡ്യ,​ മഹീക ശർമ്മ

മുംബയ്: ഇന്ത്യൻ ക്രിക്കറ്റിലെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ വളർച്ചയെക്കുറിച്ച് മനസ് തുറന്ന് കാമുകി മഹീക ശർമ്മ. ഹാർദിക്കിന്റെ 33-ാംപിറന്നാളിന് മുന്നോടിയായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് താരത്തിന്റെ ക്രിക്കറ്റ് ജീവിതത്തിലെ നിർണായക വഴിത്തിരിവുകളെക്കുറിച്ച് മഹീക മനസുതുറന്നത്. ഹാർദിക്കിന്റെ ശക്തി വാക്കുകളിലല്ല, പ്രവൃത്തിയിലാണെന്ന് അറിയുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും മഹീക കുറിച്ചു.

'19 വയസ് വരെ ബറോഡയിൽ നാലാം നമ്പർ ബാറ്ററെന്ന നിലയിലായിരുന്നു ഹാർദിക് പാണ്ഡ്യയുടെ സ്ഥാനം. എപ്പോഴും ചുറുചുറുക്കോടെ നടന്നിരുന്ന അവൻ ക്രിക്കറ്റിലൂടെയാണ് തന്റെ ഊർജം പുറത്തുകൊണ്ടുവന്നത്. പഠനം അധികം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിലും ക്രിക്കറ്റ് അവന് സ്വയം കഴിവ് തെളിയിക്കാനുള്ള വഴിയായി. വർഷങ്ങളോളം ബാറ്ററെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ടീമിൽ ഇടം ഉറപ്പിക്കാൻ ഹാർദിക്കിന് കഴിഞ്ഞില്ല. ചിലരുടെ അവഗണനയും ടീമിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമെല്ലാം അദ്ദേഹത്തിന് തടസമായി.

ബാറ്റർമാർക്കിടയിൽ അപൂർവമായ മികച്ച ഓട്ടക്കാരനെന്ന സവിശേഷതയും കഠിനാധ്വാനം ചെയ്യാനുള്ള കഴിവും ഹാർദിക്കിനുണ്ടായിരുന്നു. അറിയാതെതന്നെ, ഈ ഗുണങ്ങളാണ് അദ്ദേഹത്തിന്റെ വളർച്ചയിലെ ഏറ്റവും വലിയ കരുത്തായി മാറിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുകയും സാമൂഹികമായി മാറ്റിനിർത്തപ്പെടുകയും ചെയ്ത അദ്ദേഹത്തെ, പതിവ് രീതികൾ പിന്തുടരാത്തതിന്റെ പേരിൽ പലരും വിമതനായാണ് കണ്ടിരുന്നത്. അർഹിച്ച അവസരങ്ങൾ നേടാൻ അദ്ദേഹത്തിന് എളുപ്പമായിരുന്നില്ല. ബുദ്ധിമുട്ടുകൾക്കിടയിലും ക്രിക്കറ്റിൽനിന്ന് അദ്ദേഹം പിന്മാറാൻ തയ്യാറായില്ല.

മറ്റു ബാറ്റർമാർ പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോൾ ഹാർദിക് അവിടെത്തന്നെ തുടരും. ബൗളർമാരായ സഹതാരങ്ങൾക്ക് ബാറ്റിംഗ് പരിശീലനത്തിനായി പന്തെറിഞ്ഞുകൊടുക്കും. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ഹാർദിക്കിന് ക്രിക്കറ്റല്ലാതെ മറ്റൊരു വിനോദവും ഉണ്ടായിരുന്നില്ല. ക്രിക്കറ്റായിരുന്നു അദ്ദേഹത്തിന് അംഗീകാരം ലഭിക്കുന്ന ഏക ഇടം. ബൗളറോ ഓൾറൗണ്ടറാേ ആകണമെന്ന ആഗ്രഹം ഹാർദിക്കിന് ആദ്യം ഉണ്ടായിരുന്നില്ല. എന്നാൽ ഒരു ദിവസം പന്തെറിയുന്നത് ശ്രദ്ധയിൽപ്പെട്ട മുതിർന്ന പരിശീലകൻ അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞു. ബാറ്ററായി മാത്രം അറിയപ്പെട്ടിരുന്ന ഹാർദിക്കിന്റെ ബൗളിംഗ് പരിശീലകനെപ്പോലും അമ്പരപ്പിച്ചു.


കുറച്ചുദിവസങ്ങൾക്കുശേഷം ഓൾറൗണ്ടറായി ഹാർദിക് മത്സരത്തിൽ അരങ്ങേറ്റം കുറിച്ചു. ആദ്യമായി പന്തെറിഞ്ഞ മത്സരത്തിൽത്തന്നെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. അന്ന് ബൗളിംഗിനായി ഉപയോഗിക്കുന്ന പ്രത്യേക ഷൂസ് പോലും അദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നില്ല. രണ്ടുവർഷത്തിനുശേഷം ഹാർദിക്കിന്റെ സ്വപ്നമായിരുന്ന ഐ.പി.എൽ ടീമായ മുംബയ് ഇന്ത്യൻസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറായാണ് ടീമിലെത്തിയത്. ആറുമാസത്തിനുശേഷം ഇന്ത്യൻ ടീമിലും അരങ്ങേറ്റം കുറിച്ചു. ഇന്ന് തന്റേതായ രീതിയിൽ മികവ് തെളിയിച്ച താരമായി ഹാർദിക് വളർന്നുകഴിഞ്ഞു.


എത്ര വലിയ സ്വപ്നങ്ങൾ കണ്ടാലും ഹാർദിക്ക് ജീവിച്ച ജീവിതത്തിന്റെ തിരക്കഥ എഴുതാനാകില്ല. അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണ് ഈ കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്. ഹാർദിക്കിന്റെ ശക്തി വാക്കുകളിലല്ല, പ്രവൃത്തിയിലാണെന്ന് അറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്'- മഹീക കുറിച്ചു.

English Summary

Indian cricketer Hardik Pandya's girlfriend, Mahieka Sharma, shared insights into his inspiring journey on Instagram. She recounted his early struggles as a batsman in Baroda, facing neglect before a coach discovered his bowling talent. This transformation led to his debut as an all-rounder for Mumbai Indians and subsequently the Indian team, where he rapidly rose to prominence.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARDIK PANDYA, MAHIKA SHARMA, LATESTNEWS, SPORTS, ALLROUNDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360