
ഇന്ത്യ - അയർലാൻഡ് ആദ്യ ട്വന്റി-20 ഇന്ന്
15കാരൻ വൈഭവ് സൂര്യവംശി അരങ്ങേറും
നായകനായി ശ്രേയസ് അയ്യർക്കും അരങ്ങേറ്റം
ബെൽഫാസ്റ്റ് : അയർലാൻഡിനെതിരായ രണ്ട് ട്വന്റി-20കളുടെ പരമ്പരയിലെ ആദ്യമത്സരത്തിനായി ഇന്ത്യ ഇന്ന് ബെൽഫാസ്റ്റിൽ ഇറങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ പുതുയുഗം പിറക്കുകയാണ്. ഇന്ത്യൻ കുപ്പായമണിയുന്ന ഏറ്റവും പ്രായം കുറഞ്ഞകളിക്കാരനെന്ന റെക്കാഡിലേക്ക് 15 വയസുകാരൻ വൈഭവ് സൂര്യവംശി ഇന്ന് പാഡുകെട്ടും. ശ്രീലങ്ക എ ടീമിനെതിരെ 11 പന്തുകളിൽ അർദ്ധസെഞ്ച്വറി നേടിയതിന്റേയും ഐ.പി.എല്ലിലെ അതിഗംഭീര പ്രകടനത്തിന്റേയും മികവിലാണ് വൈഭവ് ഇന്ത്യൻ ടീമിലെത്തിയിരിക്കുന്നത്.
സൂര്യകുമാർ യാദവിന് പകരം നായകന്റെ കുപ്പായത്തിൽ ശ്രേയസ് അയ്യർ അരങ്ങേറുന്നതും ഇന്നാണ്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ഈ പരമ്പരയ്ക്ക് ശേഷം ഇംഗ്ളണ്ടിലെത്തുന്ന ഇന്ത്യൻ ടീം അവിടെ ട്വന്റി-20, ഏകദിന പരമ്പരകൾ കളിക്കും.
ഇംഗ്ളണ്ടിൽ പ്രത്യേകം മുറി
ഇംഗ്ളിലെത്തുമ്പോൾ വൈഭവിന് ഡ്രെസിംഗ് റൂമിൽ പ്രത്യേകം മുറി അനുവദിക്കും. 16 വയസിൽ താഴെയുള്ളവർക്ക് സീനിയർ താരങ്ങൾക്കൊപ്പം വസ്ത്രം മാറാനുള്ള മുറി ഉപയോഗിക്കാൻ നിയമം അനുവദിക്കാത്തതിനാലാണിത്. ഡ്രെസിംഗ് റൂമിൽ സഹതാരങ്ങൾക്കൊപ്പം ചർച്ചകളിൽ പങ്കെടുക്കാനും ഇരിക്കാനും കഴിയുമെങ്കിലും പ്രത്യേക മുറിയിൽ വസ്ത്രം മാറണം. അയർലാൻഡിലേക്കും ഇംഗ്ളണ്ടിലേക്കും വൈഭവിന്റെ മാതാപിതാക്കളെയും ബി.സി.സി.ഐ ഒപ്പം വിട്ടിട്ടുണ്ട്.
അനിയനും അടിച്ചുതകർക്കുന്നു
വൈഭവിന് പിന്നാലെ സെഞ്ച്വറികളുമായി വാർത്തകളിൽ നിറയുകയാണ് 10വയസുകാരനായ അനിയൻ ആശിർവാദ് സൂര്യവംശി. ബിഹാറിലെ താജ്പുർ ക്രിക്കറ്റ് അക്കാഡമിയിലെ പരിശീലനമത്സരങ്ങളിലാണ് ആശിർവാദ് തുടർച്ചയായി സെഞ്ച്വറി നേടിയത്.
6.00 pm മുതൽ സോണി സ്പോർട്സ് നെറ്റ്‌വർക്കിലും സോണി ലിവ് ആപ്പിലും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |