
ന്യൂഡൽഹി: ഇന്ത്യൻ രഹസ്യാന്വേഷണ രംഗത്തെ തുടക്കകാലത്ത് സിക്കിമിൽ സഹപ്രവർത്തകരെ ചൈനീസ് സൈന്യം പിടിച്ച സംഭവം അനുസ്‌മരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ. സിക്കിമിലെ ഇന്റലിജൻസ് ചുമതലക്കാരനായിരുന്നതിനാൽ കരിയർ അതോടെ അവസാനിച്ചെന്ന് കരുതിയെങ്കിലും തന്റെ പിഴവല്ലെന്ന് കണ്ടെത്തിയെന്നും പറഞ്ഞു. ഐ.ഐ.ടി റൂർക്കി ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഡോവൽ. ഇന്ത്യയുമായുള്ള സിക്കിമിന്റെ ലയന നടപടികൾ പുരോഗമിക്കുന്ന സമയം. തന്റെ 20കളിൽ കരിയറിന്റെ തുടക്കകാലം. ഡോവൽ സിക്കിമിലെ ഇന്റലിജൻസ് മേധാവിയായിരുന്നു. അതിർത്തിയിൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പി.എൽ.എ) പ്രവർത്തനങ്ങൾ നിരീക്ഷിക്കലും വിവരങ്ങൾ ശേഖരിക്കലുമായിരുന്നു പ്രധാന ജോലി. അന്ന് സിക്കിം ഇന്ത്യയുടെ ഭാഗമല്ലായിരുന്നതിനാൽ ശ്രമകരമായിരുന്നു ജോലി. ഇതിനിടയിലാണ് അതിർത്തിയിലേക്ക് ദൗത്യത്തിനായി അയച്ച ഡോവലിന്റെ കീഴിൽ പ്രവർത്തിച്ച ഒരു സംഘത്തെ ചൈനീസ് സൈന്യം പിടികൂടിയത്. സാധാരണ നിലയിൽ എട്ടുദിവസത്തിന് ശേഷം തിരിച്ചെത്തേണ്ട സംഘത്തെക്കുറിച്ച് രണ്ടാഴ്‌ച കഴിഞ്ഞിട്ടും വിവരമില്ലായിരുന്നു. ചൈനീസ് സൈന്യത്തിന്റെ പിടിയിലായെന്ന് പിന്നീടാണ് അറിഞ്ഞത്.
നയതന്ത്ര ചർച്ചകൾക്ക് ശേഷം വിട്ടയച്ചെങ്കിലും അവർ പൂർണമായും തകർന്ന നിലയിലാണ് തിരിച്ചെത്തിയത്. ഇതോടെ തനിക്കെതിരെ അന്വേഷണം ആരംഭിച്ചെന്നും കരിയർ അവസാനിച്ചെന്ന് കരുതിയെന്നും ഡോവൽ പറഞ്ഞു. എന്നാൽ അന്വേഷണത്തിൽ തന്റെ ഭാഗത്തു നിന്ന് തെറ്റില്ലെന്ന് കണ്ടെത്തി. ഇന്റലിജൻസ് വിഭാഗത്തിന് നൽകിയ ഭൂപടങ്ങളിലും സ്കെച്ചുകളിലും സംഭവിച്ച പിഴവുകൾ കാരണം സംഘത്തിന് വഴിതെറ്റിയതായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |