SignIn
Kerala Kaumudi Online
Thursday, 25 June 2026 1.42 AM IST

മുത്തശ്ശിക്കൊപ്പമെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി

crime

വൈപ്പിൻ: ഞാറയ്‌ക്കലിൽ മുത്തശ്ശിക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ പതിനാറുകാരനെ പ്രിൻസിപ്പൽ എസ്.ഐ എ.എസ്. അരുൺ മർദ്ദിച്ചതായി പരാതി. നായരമ്പലം സ്വദേശി മിനിക്ക് (60) ഒപ്പമെത്തിയ പേരക്കുട്ടിക്കാണ് മർദ്ദനമേറ്റത്. ഇരുവരെയും കള്ളക്കേസിൽ കുടുക്കി ജയിലിലടയ്‌ക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും സംസ്ഥാന ആഭ്യന്തര മന്ത്രി, ജില്ലാ പൊലീസ് മേധാവി, മനുഷ്യാവകാശ കമ്മിഷൻ, ശിശുക്ഷേമ സമിതി എന്നിവർക്ക് 16കാരന്റെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. മർദ്ദന ആരോപണം പൊലീസ് നിഷേധിച്ചു.

നായരമ്പലം കുടുങ്ങാശേരി സ്വദേശി സോനയുടെ മാല നഷ്ടപ്പെട്ടെന്ന പരാതിയിൽ മിനിയെ തിങ്കളാഴ്ച മൊഴിയെടുക്കാൻ വിളിച്ചപ്പോഴായിരുന്നു സംഭവം. വെളിയത്തുപറമ്പ് ഭാഗത്തുവച്ച് മാല നഷ്ടപ്പെട്ട വിവരം സോന ഓട്ടോ ഡ്രൈവർമാരെ അറിയിച്ചിരുന്നു. ഈ ഭാഗത്തുനിന്ന് മിനി എന്തോ കുനിഞ്ഞെടുക്കുന്നത് കണ്ടെന്ന് ഡ്രൈവർമാർ മൊഴി നൽകിയതിനെത്തുടർന്നാണ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.

ബാങ്കിലേക്ക് പോകവേ കൈയിലിരുന്ന 50 രൂപ നോട്ട് താഴെപ്പോയത് എടുക്കുകയാണ് ചെയ്തതെന്നും മാലയെക്കുറിച്ച് അറിയില്ലെന്നും മിനി പൊലീസിനോട് പറഞ്ഞു. മുത്തശ്ശിക്ക് കേൾവിക്കുറവുണ്ടെന്നും ഉറക്കെ സംസാരിക്കണമെന്നും പറഞ്ഞതാണ് എസ്.ഐയെ പ്രകോപിപ്പിച്ചതെന്ന് 16കാരന്റെ ബന്ധുക്കൾ ആരോപിക്കുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥി ഞാറയ്ക്കൽ ഗവ. ആശുപത്രിയിൽ എത്തിയെങ്കിലും ചികിത്സ നൽകാൻ അധികൃതർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY