
കണ്ണൂർ: വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയ്ക്കുള്ളിൽ കണ്ടെത്തിയ പ്ലാസ്റ്റിക് പായ 95കാരി മറിയക്കുട്ടിയുടെ മൃതദേഹത്തിനൊപ്പം വച്ചിരുന്നതാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഇടവക വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ ഇത് സ്ഥിരീകരിച്ചു. ഇതോടെ 11 ദിവസമായി തുടരുന്ന ദുരൂഹതയ്ക്ക് തീർപ്പായി. സെമിത്തേരിയിലെ 38ാം നമ്പർ കല്ലറയിൽ രണ്ടു മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമാണുള്ളത്. പള്ളിയുടെ ഔദ്യോഗിക രേഖകൾ പ്രകാരം 2006ലും 2015ലുമായി അടക്കം ചെയ്ത മറിയക്കുട്ടിയുടെയും ജെയിംസിന്റെയും മൃതദേഹങ്ങളാണതെന്ന് പൊലീസ് വ്യക്തമാക്കി. ഒൻപത് സാക്ഷികളുടെ സാന്നിദ്ധ്യത്തിലായിരുന്നു റവന്യു, പൊലീസ്, ഫോറൻസിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് കല്ലറ തുറന്ന് പരിശോധന നടത്തിയത്.
ജെയിംസിന്റെ ശവപ്പെട്ടി കാലപ്പഴക്കത്താൽ ദ്രവിക്കുകയും അതിനുള്ളിലെ മൃതദേഹാവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയും ചെയ്തതാണ് മൂന്നാമതൊരു മൃതദേഹം കൂടി ഉണ്ടെന്ന സംശയത്തിന് ഇടയാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ന് രാവിലെ 10.30ഓടെയാണ് കല്ലറ തുറന്ന് പരിശോധന തുടങ്ങിയത്. ഡി.എൻ.എ ഉൾപ്പെടെ ശാസ്ത്രീയ പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്ന് അഡിഷണൽ എസ്.പി എൻ.ആർ. ജയരാജ് പറഞ്ഞു. 2015ൽ ജെയിംസിനെ ഇതേ കല്ലറയിൽ അടക്കിയതാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ സ്ഥലത്തെത്തി സ്ഥിരീകരിക്കുകയും ചെയ്തു. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പരിശോധനയ്ക്ക് സാക്ഷിയായി.
സിജോ സ്‌കറിയ തിരോധാന കേസും ഇവിടെയുണ്ടായ ദുരൂഹതയും തമ്മിൽ ബന്ധമില്ലെന്ന് ഉറപ്പായി. കോഴിക്കോട് വിലങ്ങാട് ഇന്ദിരാനഗർ സ്വദേശി ആലപ്പാട്ട് സിജോ സ്‌കറിയയെ 2015ൽ വാണിയപ്പാറയിലെ ഭാര്യ വീട്ടിൽ നിന്ന് കാണാതായിരുന്നു. 2021ൽ കുറ്റിയാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. കല്ലറ ദുരൂഹത ഉയർന്നതോടെ, അത് സിജോയുടെ മൃതദേഹമാകാമെന്ന സംശയം ഉയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |