SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.47 AM IST

ഹലോ ഹെൽത്ത് ഇൻസ്പെക്ടർ ആണേ! ചെറുതുരുത്തിയിൽ ഹോട്ടലുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ്

police

ചെറുതുരുത്തി: ഹെൽത്ത് ഇൻസ്‌പെക്ടറാണെന്ന് വ്യാജേന ഫോൺവിളിച്ച് ഹോട്ടലുടമകളിൽ നിന്ന് പണം തട്ടാൻ ശ്രമം. ചെറുതുരുത്തിയിലും പരിസരപ്രദേശങ്ങളിലും ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. ആറുമാസത്തോളമായി വിവിധ രീതികളിൽ തട്ടിപ്പ് നടക്കുന്നതായും ഹോട്ടലുടമകൾ ജാഗ്രത പാലിക്കണമെന്നും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകി.

സഹപ്രവർത്തകയ്ക്ക് അസുഖമായതിനാൽ 3,000 രൂപ സംഭാവന നൽകണമെന്നാവശ്യപ്പെട്ടാണ് ആദ്യഘട്ടത്തിൽ തട്ടിപ്പുകാർ വിളിക്കുന്നത്. മറ്റു കടകളിൽനിന്നും പണം വാങ്ങിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാപനത്തിൽ നേരിട്ടെത്തിയിരുന്നുവെന്നും പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിക്കും. തുടർന്ന് ഗൂഗിൾ പേ വഴി പണം അയച്ചു നൽകാൻ ആവശ്യപ്പെടും.

എന്നാൽ, പല ഹോട്ടലുടമകളും ജാഗ്രത പാലിച്ചതിനാൽ തട്ടിപ്പിൽനിന്ന് രക്ഷപ്പെട്ടു. ആദ്യമാസങ്ങളിൽ ഹിന്ദി സംസാരിച്ചാണ് തട്ടിപ്പുകാർ വിളിച്ചിരുന്നതെങ്കിൽ ഇപ്പോൾ മലയാളത്തിലാണ് സംസാരം. ഈ നമ്പറുകളിലേക്ക് തിരിച്ചുവിളിച്ചാൽ ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യവുമുണ്ട്. ഹോട്ടലുടമകൾ വിവരം പുറത്തുപറയാൻ മടിച്ചിരുന്നു. പിന്നീട് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ഗ്രൂപ്പുകളിലൂടെ മുന്നറിയിപ്പ് സന്ദേശങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹോട്ടലുടമകൾ ബന്ധപ്പെട്ടപ്പോഴാണ് ഔദ്യോഗിക ഹെൽത്ത് ഇൻസ്‌പെക്ടർമാർ വ്യാജ ഫോൺവിളികളെക്കുറിച്ച് അറിഞ്ഞത്. തട്ടിപ്പുകാർക്കെതിരെ പരാതി നൽകാനാണ് അസോസിയേഷന്റെ തീരുമാനം.

ഓർഡറിലും തട്ടിപ്പ്

ഭക്ഷണസാധനങ്ങൾ ഓർഡർ ചെയ്തശേഷം പണം തട്ടുന്നതാണ് മറ്റൊരു രീതി. ഏകദേശം 1,000രൂപയ്ക്ക് ഓർഡർ ചെയ്യും. പിന്നീട് 10,000രൂപ അബദ്ധത്തിൽ അയച്ചതായി സന്ദേശം ലഭിച്ചെന്ന് അറിയിച്ച് ബാക്കി 9,000 രൂപ തിരിച്ചുനൽകാൻ ആവശ്യപ്പെടും. എന്നാൽ, പണം ലഭിച്ചതായി തോന്നിക്കുന്ന സന്ദേശം ഫോണിൽ വന്നാലും യഥാർത്ഥത്തിൽ ബാങ്ക് അക്കൗണ്ടിലോ ഗൂഗിൾ പേ വഴിയോ തുക ക്രെഡിറ്റ് ചെയ്തിട്ടുണ്ടാകില്ല. സന്ദേശം വിശ്വസിച്ച് പണം തിരിച്ചയച്ചാൽ നഷ്ടം സംഭവിക്കും. ഓർഡർ പ്രകാരം തയ്യാറാക്കുന്ന ഭക്ഷണസാധനങ്ങൾ വിറ്റഴിക്കാനാകാതെ വരുന്നതും ഹോട്ടലുകൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്.

അപരിചിതരുടെ ആവശ്യപ്രകാരം പണം കൈമാറരുത്. അക്കൗണ്ടിൽ പണം ലഭിച്ചതായി സന്ദേശം വന്നാൽ, ബാങ്ക് ഇടപാട് പരിശോധിച്ച് ഉറപ്പുവരുത്തണം.
ഷാഹുൽ ഹമീദ്
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചെറുതുരുത്തി പ്രസിഡന്റ്


ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഒരുതരത്തിലുള്ള പണപ്പിരിവോ ആനുകൂല്യങ്ങളോ ആവശ്യപ്പെടാറില്ല. ഇത്തരം തട്ടിപ്പുകാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.
ജിഷ
ചെറുതുരുത്തി ഹെൽത്ത് ഇൻസ്‌പെക്ടർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THRISSUR, SCAM, CHERUTHURUTHI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY