തൊടുപുഴ: കുടുംബ കലഹത്തെ തുടർന്നുണ്ടായ തർക്കത്തിൽ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന് ദാരുണാന്ത്യം. ഇടുക്കി അടിമാലിയിലുള്ള ശല്യാംപാറയിലാണ് സംഭവം. ജ്യേഷ്ഠൻ പ്രസാദിനെ വെള്ളത്തൂവൽ പൊലീസ് അറസ്റ്റുചെയ്തു. ശല്യാംപാറ സ്വദേശി അനിലാണ് (38) കൊല്ലപ്പെട്ടത്. വൈകിട്ട് മദ്യലഹരിയിൽ വീട്ടിൽ എത്തിയ പ്രസാദ് അനുജൻ അനിലുമായി വഴക്കിടുകയായിരുന്നു. വഴക്ക് രൂക്ഷമായതോടെ വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അനിലിനെ കുത്തി പരിക്കേൽപ്പിച്ചു. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
കൃത്യം നടന്ന് മണിക്കൂറുകൾക്കുശേഷം വീട്ടിലെത്തിയ അനിലിന്റെ ഭാര്യയാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ ഭർത്താവിനെ കണ്ടത്. ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കണ്ടത് മദ്യലഹരിയിൽ ടിവി കണ്ടുകൊണ്ടിരിക്കുന്ന പ്രസാദിനെയായിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു.
പ്രസാദ് പതിവായി വീട്ടിലെത്താറില്ലായിരുന്നുവെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു. രണ്ടുമാസം മുമ്പ് ബി.എസ്.എൻ.എൽ കേബിളുകൾ മോഷ്ടിച്ച് വിറ്റ കേസിൽ ജയിലിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. അനിലിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മേൽ നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
In a tragic incident following a family dispute, a man named Anil from Shalyampara in Adimali, Idukki was stabbed to death by his elder brother Prasad.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |