
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനുകൾക്ക് നേരെ കല്ലേറ് നടത്തിയ യുവാവിനെ സൗത്ത് ആർ.പി.എഫ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് അനന്ത്പൂര് ഗർലദിന്നൈ കല്ലൂരു സ്വദേശി വി. ജഗദീഷാണ് (ശിവ, 32) പിടിയിലായത്.
ആലുവ ഭാഗത്തേക്ക് പോയ തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസിന് നേരെ ഇന്നലെ വൈകിട്ട് 4.30നായിരുന്നു ആദ്യം കല്ലേറ്. ട്രെയിനിന്റെ എ.സി കോച്ചിന്റെ ജനാലച്ചില്ല് തകർന്നു. ഇതേ സമയം എറണാകുളം ജംഗ്ഷൻ സ്റ്റേഷനിലേക്ക് വന്ന ബംഗളൂരു-എറണാകുളം എക്‌സ്‌പ്രസ് ട്രെയിനിന് നേരെയും കല്ലേറുണ്ടായി. ബോഗിയിൽ തട്ടിയ കല്ല് ട്രാക്കിന് സമീപത്തേക്ക് തെറിച്ചു. ചെന്നൈ സൂപ്പർഫാസ്റ്റ് ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് യാത്രക്കാർ ആർ.പി.എഫിനെ അറിയിച്ചത്. തുടർന്ന് സൗത്ത് ആർ.പി.എഫ് സി.ഐ ബിനോയ് ആന്റണിയുടെ നേതൃത്വത്തിൽ സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തിയില്ല.
രാത്രി 8.10ന് എറണാകുളം സൗത്ത് യാർഡിൽ ഷണ്ടിംഗ് നടത്തിക്കൊണ്ടിരുന്ന എൻജിന് നേരെ ഇതേസ്ഥലത്ത് തുടർച്ചയായ കല്ലേറുണ്ടായി. ഈ സമയം വേഷം മാറി പരിസരത്ത് നിലയുറപ്പിച്ചിരുന്ന ആർ.പി.എഫ് സംഘമാണ് കൈയോടെ പിടികൂടിയത്.
കസ്റ്റഡിയിലെടുക്കുമ്പോൾ മദ്യലഹരിയിലായിരുന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ആക്രി പെറുക്കിയാണ് ഉപജീവനം നടത്തുന്നത്. ആന്ധ്രയിൽ ചാരായം കടത്തിയ കേസിലും പ്രതിയാണ്. സി.ജെ.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആർ.പി.എഫ് എസ്.ഐ നാഗബാബു, സി.പി.ഡി.എസ് അംഗങ്ങളായ ശ്രീജിത്ത്, അനീഷ് തോമസ്, എം.വി അജയഘോഷ്, എ.ഷിബു, സി.പി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിൽപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |