കൊച്ചി: കേരളത്തിലെമ്പാടും തൊഴിൽ തട്ടിപ്പ് നടത്തിയ ആംസ്റ്റർ ഏജൻസിയുടെ ‘കാലടികൾ’ പിന്തുടർന്ന് തട്ടിപ്പിന് തയ്യാറെടുത്ത മറ്റൊരു റിക്രൂട്ടിംഗ് സ്ഥാപനം പൊലീസ് അടച്ചു പൂട്ടി. നൂറ് കണക്കിന് ഉദ്യോഗാർത്ഥികളുടെ കണ്ണീരുവീണ ആംസ്റ്ററിന്റെ ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള പ്രധാന ഓഫീസിന് കിലോമീറ്ററുകൾ മാത്രം അകലെയാണ് ‘അലൈഡ് മാനേജ്മെന്റ് സർവീസസ്’ എന്ന പേരിൽ പുതിയ റിക്രൂട്ട്മെന്റ് സ്ഥാപനം തുടങ്ങിയത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ ഇടുക്കി തണ്ണിത്തോട് സീതത്തോട് നീലിപ്ലാവ് പാതാളിൽ വീട്ടിൽ ഗിരീഷ് വർമ്മയെ (47) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു.
പാലാരിവട്ടത്തെ കളവത്ത്, കേശവീയം റോഡുകൾക്ക് സമീപം ബി.എസ്.എൻ.എൽ ഓഫീസിനടുത്തെ ക്യൂബീസ് ആർക്കേഡിൽ ജൂലായിലാണ് സ്ഥാപനം തുറന്നത്. പൂർണമായി ഫർണീഷ് ചെയ്ത് അടിപൊളി സെറ്റപ്പിലാണ് പ്രവർത്തനം. അവധിദിവസമായ ഞായറാഴ്ച പാലാരിവട്ടം എസ്.എച്ച്.ഒ പി.എസ്. മഞ്ചിത്ത് ലാലിന്റെ നേതൃത്വത്തിൽ പൊലീസ് എത്തുമ്പോൾ ഓഫീസ് പടിക്കൽ നിരവധി ഉദ്യോഗാർത്ഥികൾകാത്തു നിൽപ്പുണ്ടായിരുന്നു. ഓഫീസിൽ നിന്ന് പാസ്പോർട്ടുകളും ഉദ്യോഗാർത്ഥികളുടെ ഫോട്ടോകളും അപേക്ഷകളും പിടിച്ചെടുത്തു. ഇമിഗ്രേഷൻ നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം പൂട്ടിച്ചാണ് പൊലീസ് മടങ്ങിയത്.
തട്ടിപ്പിന് കൂട്ട് പരിചയസമ്പത്ത്
മറ്റൊരു റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ സബ് ഏജന്റ് എന്ന നിലയിലാണ് ഇയാൾ പ്രവർത്തിക്കുന്നതെന്ന് പൊലീസ് സംശയിക്കുന്നു. ഈ സ്ഥാപനത്തിന്റെ മറവിൽ ഗിരീഷ് വർമ്മ പാലാരിവട്ടത്ത് സ്വന്തം സ്ഥാപനം തുടങ്ങുകയായിരുന്നു. കമ്മീഷൻ വ്യവസ്ഥയിൽ പണം തട്ടാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. യു.എ.ഇയിലേക്കാണ് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്. ഇയാൾ മുമ്പ് മറ്റൊരു റിക്രൂട്ട്മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു.
റിക്രൂട്ടിംഗ് സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ
ആംസ്റ്റർ തട്ടിപ്പിനെ തുടർന്ന് പാലാരിവട്ടം പരിധിയിലെ ഒട്ടേറെ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. തുടർന്ന് ലഭിച്ച രഹസ്യവിവരമാണ് റെയ്ഡിലും അറസ്റ്റിലും കലാശിച്ചത്. ഇമിഗ്രേഷൻ ആക്ടിലെ വകുപ്പ് 24 പ്രകാരമാണ് ഗിരീഷ് വർമ്മയെ കസ്റ്റഡിയിലെടുത്തതും സ്ഥാപനം പൂട്ടിച്ചതും. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |