കൊച്ചി:പത്തനംതിട്ടയിൽ ആശുപത്രി ആരംഭിക്കാൻ സി.എസ്.ആർ ഫണ്ട് തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വനിതാഡോക്ടറിൽ നിന്ന് 23.40 ലക്ഷം തട്ടിയെന്ന പരാതിയിലും സോളാർ തട്ടിപ്പുകേസ് പ്രതി ബിജുരാധാകൃഷ്ണനെതിരെ കേസ്. പത്തനംതിട്ട സ്വദേശിയായ 55കാരിയുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
കഴിഞ്ഞവർഷമായിരുന്നു സംഭവം. എൻ.ജി.ഒ ഹെൽപ്പിംഗ് ഫൗണ്ടേഷൻ എം.ഡിയായ ബിജുരാധാകൃഷ്ണനും മാനേജിംഗ് എഡിറ്റർ പി.ജെ. ബെർലിംഗ്, ഇലന്തൂർ സ്വദേശി ചന്ദ്രബോസ് എന്നിവരുമാണ് പ്രതികൾ. ബിജുവർഗീസെന്ന വ്യാജപ്പേരിലാണ് ബിജുരാധാകൃഷ്ണൻ ഡോക്ടറെ പരിചയപ്പെട്ടത്. വിശ്വാസം നേടിയെടുത്ത സംഘം, പ്രോജക്ട് ഫീസ് തുടങ്ങിയവയ്ക്കായി കഴിഞ്ഞവർഷം ഒക്ടോബർ 24മുതൽ നവംബർ 13വരെ തവണകളായി 23.40 ലക്ഷം രൂപ വാങ്ങി. ഫണ്ട് ലഭ്യമാക്കുകയോ,പണം തിരികെ നൽകുകയോ ചെയ്യാതെ കബളിപ്പിച്ചു.
സോളാർ തട്ടിപ്പുകേസ് പ്രതി ബിജു രാധാകൃഷ്ണനാണെന്ന് മനസിലാക്കിയ ഡോക്ടർ, തെളിവുസഹിതം പരാതി നൽകുകയായിരുന്നു.
കഴിഞ്ഞജനുവരിയിലും സമാന രീതിയിൽ സി.എസ്.ആർ ഫണ്ട് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ ബിജുരാധാകൃഷ്ണനും സംഘത്തിനുമെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തിരുന്നു. സുപ്രീം കോടതി സീനിയർ അഭിഭാഷകനാണെന്നും ഭാര്യ ഹൈക്കോടതി അഭിഭാഷകയാണെന്നും വിശ്വസിപ്പിച്ച്, ബിജുജോർജെന്ന പേരിലായിരുന്നു തട്ടിപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |