
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്‌ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി അനദ്ധ്യാപക നിയമനങ്ങൾക്കും താത്കാലിക അംഗീകാരം നൽകാൻ സർക്കാർ തീരുമാനിച്ചു. സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും എന്ന നിബന്ധനയുണ്ട്.
സുപ്രീംകോടതിയിലെ നിയമ നടപടികളിൽ നിന്നു പിൻവാങ്ങിയവർക്കാണ് നിയമനാംഗീകാരം നൽകുന്നത്. കേസ് തുടരുന്നവരെ ഉൾപ്പെടുത്തില്ല. ഭിന്നശേഷി സംവരണത്തിനായി മാനേജ്‌മെന്റുകൾ തസ്തിക നീക്കിവയ്ക്കണം. നിയമനാംഗീകാരം ലഭിക്കാത്ത ക്ലാർക്ക്, പ്യൂൺ തസ്തികയിലുള്ളവരെ ദിവസ വേതനക്കാരായാണ് കണക്കാക്കിപ്പോരുന്നത്. ഇവരെ ശമ്പള സ്‌കെയിലിൽ ക്രമീകരിക്കുന്നതിനാണ് സർക്കാർ ഉത്തരവിറക്കിയത്.
എയ്‌ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണ നിയമനം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കും വരെ മറ്റു നിയമനങ്ങൾ അംഗീകരിക്കരുതെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ എൻ.എസ്.എസ് സുപ്രീംകോടതിയിൽ അനുകൂലവിധി നേടി. ഈ വിധി മറ്റു മാനേജ്‌മെന്റുകൾക്ക് കൂടി ബാധകമാക്കിയാണ് നേരത്തേ അദ്ധ്യാപക നിയമനത്തിന് താത്കാലിക അംഗീകാരം നൽകിയത്. ഇതേ രീതിയിലാണ് മറ്റു നിയമനങ്ങളും.
ഡിവിഷൻ ഫാളിനും
ആശ്വാസം
ഭിന്നശേഷി സംവരണ നിയമനത്തിന് നിശ്ചിത സമയപരിധിക്കുള്ളിൽ യോഗ്യരായ അപേക്ഷരില്ലെങ്കിൽ തസ്തിക ഒഴിച്ചിടണം. കുട്ടികൾ കുറഞ്ഞതിനെ തുടർന്ന് തസ്തിക നഷ്ടപ്പെടുന്ന സ്‌കൂളുകളിൽ (ഡിവിഷൻ ഫാൾ) നിന്ന് പുറത്താകുന്ന അദ്ധ്യാപകരെ ഒഴിച്ചിടുന്ന തസ്തികയിൽ നിയമിക്കാം. അപേക്ഷകൾ പരിശോധിച്ച് തീരുമാനമെടുക്കാൻ ജില്ലാതല സമിതിയുടെ കൺവീനർമാരെ ചുമതലപ്പെടുത്തി. നിലവിൽ ഭിന്നശേഷിക്കാർക്കുള്ള തസ്തികയിൽ മാറ്റം വരുത്താൻ കഴിയില്ല. പകരം മറ്റേതെങ്കിലും വിഷയത്തിലുള്ള തസ്തിക മാറ്റിവച്ചാൽ മതിയെന്നാണ് നിബന്ധന. തസ്തിക മാറ്റി നൽകുന്നതിന് ഒരു തവണ മാത്രമേ അനുമതിയുള്ളൂ.
2026 ഫെബ്രുവരി 18ന് ശേഷം എയ്‌ഡഡ് സ്‌കൂളുകളിലുണ്ടായ നിയമനങ്ങൾക്കും താത്കാലിക അംഗീകാരം നൽകും. ഭിന്നശേഷി സംവരണത്തിനായി തസ്തിക മാറ്റിവച്ചിട്ടുള്ള സ്‌കൂളുകളിലെ നിയമനങ്ങളാണ് അംഗീകരിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |