SignIn
Kerala Kaumudi Online
Tuesday, 25 August 2026 2.03 AM IST

അത്തച്ചമയത്തിൽ തുടങ്ങി ഉത്രാടപ്പാച്ചിലിലേക്ക്

onam

കൊച്ചി: അത്തച്ചമയത്തിൽ തുടങ്ങിയ ഓണാഘോഷങ്ങൾ ഉത്രാടപ്പാച്ചിലിലേക്ക്. നാളെ തിരുവോണം. ഓണക്കോടി വാങ്ങാനും സദ്യയൊരുക്കാനുമുള്ള അവസാനവട്ട ഒരുക്കത്തിലാണ് നാടും നഗരവും. വസ്ത്രശാലകൾ, സ്വർണക്കടകൾ, ഗൃഹോപകരണശാലകൾ എന്നിവ ഓണക്കാല ഓഫറുകളുമായി ഉപഭോക്താക്കളെ ആകർഷിക്കുമ്പോൾ പൂക്കൾക്കും ആവശ്യക്കാരേറി. മറുനാടൻ പൂക്കൾക്കൊപ്പം നാട്ടുപൂക്കൾ തേടിയെത്തുന്നവരും നിരവധി. പച്ചക്കറി, പഴം, പലവ്യഞ്ജനം എന്നിവ വാങ്ങാനും സദ്യയ്ക്കുള്ള സാധനങ്ങൾ ഒരുക്കാനും രാവിലെ മുതൽ വിപണികളിലേക്ക് തിരക്കേറും. പ്രധാന വ്യാപാരകേന്ദ്രങ്ങളിലും നഗരവീഥികളിലും ഗതാഗതക്കുരുക്കിലമരും.

കൊച്ചിക്കാർക്കായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ഡി.ടി.പി.സി. എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴുദിന കലാവിരുന്ന് ‘ലാവണ്യം 2026’ 24 മുതൽ 30 വരെ നടക്കും. ദർബാർ ഹാൾ, ഫോർട്ട് കൊച്ചി വെളി, വടക്കൻ പറവൂർ, കോതമംഗലം, പിറവം, പെരുമ്പാവൂർ, പള്ളുരുത്തി തുടങ്ങി 15 വേദികളിൽ 40ഓളം കലാപരിപാടികളാണ് അരങ്ങേറുന്നത്. പൂരാടദിനമായ ഇന്നലെ ഡർബാർ ഹാളിലെ ഉദ്ഘാടനത്തോടെ തുടക്കമായ പരിപാടിയിൽ ഇന്ന് കുട്ടമ്പുഴ പന്തപ്ര കോളനിയിൽ ഓണസദ്യയും ഓണക്കോടി വിതരണവും നടക്കും. വൈകിട്ട് ദർബാർ ഹാളിൽ സരിത് ബാബുവിന്റെ ‘നിണബലി’, ബേണി ഇഗ്നേഷ്യസിന്റെ സംഗീതപരിപാടി എന്നിവയുണ്ടാകും. നാളെ വിവിധ സംസ്ഥാനങ്ങളുടെ കലാരൂപങ്ങൾ അണിനിരക്കുന്ന ‘ഇന്ത്യൻ വസന്തോത്സവം 2026’ നടക്കും. 30ന് ‘കേരളീയം’ ഡാൻസ് ഷോയും ഗിന്നസ് പക്രുവിന്റെ മെഗാഷോയും അരങ്ങേറും.

 തൃക്കാക്കരയിൽ ഉത്സവത്തിരക്ക്

തൃക്കാക്കര ക്ഷേത്രത്തിലെ പത്തുദിവസത്തെ ഓണോത്സവത്തിന് 17ന് കൊടിയേറി. അത്തം മുതൽ കലാപരിപാടികളോടെ നടക്കുന്ന ഉത്സവം തിരുവോണസദ്യയോടെ സമാപിക്കും. തിരക്ക് പരിഗണിച്ച് കുസാറ്റ് മെട്രോ സ്റ്റേഷനും ക്ഷേത്രത്തിനുമിടയിൽ രാവിലെ 6.30 മുതൽ രാത്രി എട്ടുവരെ അരമണിക്കൂർ ഇടവിട്ട് പ്രത്യേക ഫീഡർ ബസ് സർവീസുണ്ട്. തിരക്കേറിയ സമയങ്ങളിൽ മെട്രോ അധിക സർവീസുകളും നടത്തും.

 204 കുടുംബശ്രീ ഓണച്ചന്തകൾ

ജില്ലയിലെ 102 കുടുംബശ്രീ സി.ഡി.എസുകൾക്ക് കീഴിൽ രണ്ടുവീതം എന്ന നിലയിൽ 204 ഓണവിപണനമേളകളുണ്ട്. പായസമേളകളും നടക്കും. 40ലേറെ യൂണിറ്റുകൾ ഓണസദ്യ ഒരുക്കുന്നുണ്ട്. വിഭവങ്ങൾക്കനുസരിച്ച് 170 മുതൽ 250 രൂപ വരെയാണ് നിരക്ക്. ചോറ്റാനിക്കരയിൽ 21 മുതൽ 25 വരെ ജില്ലാതല മേളയും നടക്കും. മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് ഓണസദ്യ വീടുകളിലെത്തിക്കാനും സൗകര്യമുണ്ട്.

 കാണം വിൽക്കാതോണം

സപ്ലൈകോ, കൺസ്യൂമർഫെഡ്, കൃഷിവകുപ്പ്, കുടുംബശ്രീ എന്നിവയുടെ ഓണച്ചന്തകളിൽ നിത്യോപയോഗ സാധനങ്ങൾ, പച്ചക്കറികൾ, ഓണാവശ്യ സാധനങ്ങൾ എന്നിവ അഞ്ച് മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. നഗരത്തിലും വിവിധ സ്ഥാപനങ്ങളിലുമായി പായസമേളകളും ഭക്ഷ്യമേളകളും സജീവമാണ്. ഹോട്ടലുകളും റിസോർട്ടുകളും പ്രത്യേക ഓണസദ്യ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL