SignIn
Kerala Kaumudi Online
Monday, 12 October 2026 5.58 AM IST

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം: ജോലി ഭാരത്താൽ തളർന്ന് ജീവനക്കാർ

ksrtc

കൊച്ചി: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിലെ ജോലിഭാരം ഉല്ലാസയാത്രാ കോ-ഓർഡിനേറ്റർമാരെ തളർത്തുന്നു. യാത്രകൾ ഉല്ലാസഭരിതരാക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്നവർക്ക് ഊണും ഉറക്കവും കുടുംബജീവിതവും പോലും താളംതെറ്റുകയാണെന്നാണ് ജീവനക്കാരുടെ പക്ഷം.

കോർപ്പറേഷന് ഏറെ ലാഭമുണ്ടാക്കുന്ന പദ്ധതിയാണെങ്കിലും അതിനനുസരിച്ച് ജീവനക്കാരും വാഹനങ്ങളുമില്ലാത്തതാണ് പ്രധാന പ്രശ്നം.

സഞ്ചാരപ്രിയരുടെ ഫോൺവഴിയുള്ള അന്വേഷണങ്ങൾക്ക് മറുപടി നൽകാൻ മാത്രം ഒരാൾക്ക് ഒരുദിവസം തികയില്ല. ഏതെങ്കിലും വിളിക്ക് മറുപടി നൽകാതിരുന്നാൽ അതുവരെയുള്ള എല്ലാ സൽപ്പേരും നഷ്ടമാകുമെന്നതുകൊണ്ട് രാപ്പകൽ ഭേദമില്ലാതെ ഫോൺ എടുക്കും. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയാലും ഔദ്യോഗിക ഫോൺ ചിലച്ചുകൊണ്ടേയിരിക്കും. കുടുംബജീവിതം പോലും പ്രതിസന്ധിയിലായതോടെ സഹപ്രവർത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ സങ്കടം പങ്കുവച്ച് എറണാകുളത്തെ ഒരു കോ-ഓർഡിനേറ്റർ ചുമതല ഒഴിഞ്ഞു. ഇതോടെയാണ് ഉല്ലാസയാത്ര സംഘാടകരുടെ മാനസിക സംഘർഷം സജീവ ചർച്ചയായത്.

ബുക്കിംഗ് അനുസരിച്ചുള്ള ട്രിപ്പിന് ആവശ്യമായ വാഹനം തയ്യാറാക്കണം, ഡ്രൈവറേയും കണ്ടക്ടറേയും കണ്ടെത്തണം, യാത്രയ്ക്കിടെയുള്ള ഭക്ഷണ- വിശ്രമ കേന്ദ്രങ്ങൾ സജ്ജമാക്കണം തുടങ്ങി ബഡ്ജറ്റ് ടൂർ വിജയിപ്പിക്കേണ്ടതിന്റെ മുഴുവൻ ഉത്തരവാദിത്വവും യൂണിറ്റ് കോ-ഓർഡിനേറ്റർമാർക്കാണ്. കണ്ടക്ടർ തസ്തികയിലുള്ളവരെയാണ് കോ-ഓർഡിനേറ്ററായി നിയോഗിക്കുന്നത്.

മുമ്പ് ദൈനംദിന ചുമതലകളുടെ കൂട്ടത്തിലാണ് ടൂർ കോ-ഓർഡിനേറ്റർ എന്ന അധിക ജോലികൂടി ഏൽപ്പിച്ചിരുന്നത്. ജീവനക്കാർ അതൃപ്തി അറിയിച്ചതോടെ ടൂർ കോ-ഓർഡിനേഷൻ പ്രത്യേക ഡ്യൂട്ടിയായി പരിഗണിച്ചു. എന്നാൽ ഉപഭോക്തൃസേവനം മുതൽ ട്രിപ്പിന്റെ എല്ലാ ജോലികളും ഒരാൾതന്നെ ചെയ്യുമ്പോഴുള്ള ജോലിഭാരം കുറയ്ക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല.

1 ബസ് മാത്രം

എറണാകുളം ഡിപ്പോയിൽ ബഡ്ജറ്റ് ടൂറിന് ആകെ ഒരു ബസ് മാത്രമാണുള്ളത്. സഞ്ചാരികളുടെ തിരക്കും പാക്കേജുകളും വർദ്ധിക്കുമ്പോൾ സാധാരണ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകളാണ് വിട്ടുനൽകുന്നത്. അതിന് മേൽ ഉദ്യോഗസ്ഥർ കനിയണം.

 ബസ് കഴുകി അലങ്കരിക്കണം

വിനോദസഞ്ചാരമാകുമ്പോൾ ബസിന് വൃത്തിയും വെടിപ്പും യാത്രക്കിടെ പാട്ടും സംഗീതസദസും വേണം. ഇതിലൊന്നും കെ.എസ്.ആർ.ടി.സിക്ക് താൽപര്യമില്ല. സഞ്ചാരികളുടെ സന്തോഷത്തിന് സ്വന്തം കൈയിൽനിന്ന് മൈക്കും സ്പീക്കറുമൊക്കെ വാങ്ങിയാണ് പല കണ്ടക്ടർമാരും ഈ കടമ്പ കടക്കുന്നത്. ബലൂണും റിബണും വാങ്ങി ബസുകൾ അലങ്കരിക്കുന്ന കണ്ടക്ടർമാരുമുണ്ട്. യാത്രക്കിടെ ബസ് ബ്രേക്ക് ഡൗൺ ആയാൽ സഞ്ചാരികളുടെ മട്ടും ഭാവവും മാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL