
കൊച്ചി: കടലിലെയും ജലാശങ്ങളിലെയും മത്സ്യങ്ങളിൽ പ്ലാസ്റ്റിക് സൂക്ഷ്‌മകണികൾ (മൈക്രോപ്ലാസ്റ്റിക് ) വർദ്ധിക്കുന്നത് മത്സ്യം ധാരാളം കഴിക്കുന്ന കേരളീയർക്കും ആശങ്ക ഉയർത്തുന്നു. വേമ്പനാട് കായലിൽ ഉൾപ്പെടെ പ്ലാസ്‌റ്റിക് മാലിന്യങ്ങൾ പെരുകുന്നതിലെ ആശങ്ക ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ് ) പഠനത്തിലും ഉന്നയിച്ചിരുന്നു.
പൂനെയിലെ എം.ഐ.ടി വേൾഡ് പീസ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് റോഹു, തിലാപ്പിയ തുടങ്ങി സാധാരണക്കാർ കഴിക്കുന്ന ശുദ്ധജല മത്സ്യങ്ങളിൽ പ്ലാസ്റ്റിക് സൂക്ഷ്‌മകണികൾ കൂടുതൽ കണ്ടെത്തിയത്.
കേരളത്തിലെ മത്സ്യങ്ങളിലെ പ്‌ളാസ്‌റ്റിക് സൂക്ഷ്‌മകണികകളുടെ സാന്നിദ്ധ്യം പരിശോധിച്ചിട്ടില്ലെങ്കിലും മത്സ്യ ഉപഭോഗം കൂടുതലുള്ളതിനാൽ ശുദ്ധജല ആവാസവ്യവസ്ഥകളിലെ പ്ലാസ്റ്റിക് മലിനീകരണം നിരീക്ഷിക്കേണ്ടത് അതീവപ്രധാനമാണെന്ന് പഠനം പറയുന്നു.
കടലിലും ജലാശയങ്ങളിലും പതിക്കുന്ന പ്‌ളാസ്‌റ്റിക് കാലക്രമേണ തരികളായി മാറും. ഇവ മത്സ്യങ്ങൾ വിഴുങ്ങുകയും ശരീരത്തിൽ അടിയുകയും ചെയ്യും. മത്സ്യം കഴിക്കുമ്പോൾ മനുഷ്യശരീരത്തിലും പ്‌ളാസ്‌റ്റിക് സൂക്ഷ്‌മകണികൾ എത്തിച്ചേരും. ഇതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളും രോഗങ്ങളും വിശദമായി പഠിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
പൂനെയിലെ 26 വിപണനകേന്ദ്രങ്ങളിലാണ് പഠനം നടത്തിയത്. ആഴ്ചയിൽ രണ്ടുതവണ 250 ഗ്രാം വീതം മത്സ്യം കഴിക്കുന്ന ഒരാൾക്ക് 50 വർഷത്തിനിടെ 93,600 മുതൽ 1,24,800 വരെ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ ശരീരത്തിലെത്താൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ആരോഗ്യ പ്രത്യാഘാതങ്ങൾ സംബന്ധിച്ച് വിശദമായ പഠനം ആവശ്യമാണെന്നും ഗവേഷകർ നിർദ്ദേശിച്ചിട്ടുണ്ട്.
വേമ്പനാട്ട് കായലിൽ
അടിഞ്ഞുകൂടി മാലിന്യം
വേമ്പനാട്ട് കായലിന്റെ കൊച്ചി മേഖലയിൽ കായലിലും കരയിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ പെരുകുന്നതിലെ ആശങ്ക 2019 ഒക്ടോബറിൽ കുഫോസിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഉന്നയിച്ചിരുന്നു. പെരിയാറിൽ നിന്ന് വേമ്പനാട്ട് കായലിലെത്തുന്ന വെള്ളം തിരിച്ച് മറ്റു വഴികളിലൂടെ കരയിലേയ്ക്ക് കയറുന്നുണ്ട്. ഇതുമൂലം കരയിലെ പ്ലാസ്‌റ്റിക്കും കടലിലെത്തുന്നു.
20 വർഷത്തിനിടെ വേമ്പനാട്ട് കായലിന്റെ കൊച്ചി, വൈപ്പിൻ ഭാഗത്ത് 15 പാലങ്ങൾ നിർമ്മിച്ചു. നിർമ്മാണ സമയത്ത് കായലിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും നിർമ്മാണ വസ്തുക്കളും നീക്കാതെ അടിഞ്ഞുകിടക്കുന്നു. വടുതല ബണ്ട് ഉൾപ്പെടെ പണി പൂർത്തിയായെങ്കിലും മാലിന്യങ്ങൾ നീക്കി ഒഴുക്ക് പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
കണ്ടെത്തലുകൾ
വേമ്പനാട്ട് കായലിന്റെ വിസ്തൃതി 25 വർഷത്തിനിടയിൽ 30 ശതമാനം കുറഞ്ഞു
കായലിന്റെ ആഴം ഭീതിജനകമായി കുറയുന്നു
1930ൽ തണ്ണീർമുക്കം, ആലപ്പുഴ മേഖലയിൽ കായലിന്റെ ആഴം എട്ട് മുതൽ ഒമ്പത് മീറ്ററായിരുന്നത് 1.6 മുതൽ 4.5 മീറ്റർ വരെയായി കുറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |