
കണ്ണൂർ: കണ്ണൂർ പ്രസ്‌ക്ലബ് റോഡിലൂടെ അല്പനേരം നടന്നാൽ ചെറിയൊരു താളം കേൾക്കാം.അറുപത് പിന്നിട്ട നാഗർകോവിൽ സ്വദേശി കണ്ണൻ കമുകിൻ വാരിയിൽ കൈമഴു പതിപ്പിച്ച് ചെത്തിയും മിനുക്കിയും ചീർപ്പ് ഉണ്ടാക്കുകയാണ്. ആറുപതിറ്റാണ്ടായി ഇതിന് കാര്യമായ മുടക്കം വന്നിട്ടില്ല.
ഇന്ന് കണ്ണൻ ഇരിക്കുന്നിടത്ത് ഒരു കാലത്ത് പത്തോളം പേരുണ്ടായിരുന്നു. ഒരേ ജോലി, ഒരേ കൈത്തഴക്കം. പേൻ ചീർപ്പ് ഉണ്ടാക്കലാണ് ജോലി. മറ്റെല്ലാവരും പോയി. ഇന്ന് ഈ തെരുവിൽ ആ ജോലി ബാക്കിയാക്കിയത് കണ്ണനടക്കം രണ്ടു മൂന്നു പേർ മാത്രം.
പേൻ ചീപ്പിന് ഇന്നും ആവശ്യക്കാരുണ്ട്. ഷാംപൂ വന്നു. കെമിക്കൽ ലോഷൻ വന്നു.എന്നിട്ടും പേൻ ചീർപ്പിന് ഇന്നും ആവശ്യക്കാരുണ്ട്. ഈര് പേൻ ആകുന്നതിന് മുൻപേ ചീകി നശിപ്പിക്കുകയെന്നതാണ് ചീപ്പിന്റെ ദൗത്യം. ആൺ പെൺ ഭേദമില്ലാതെ, പ്രായഭേദമില്ലാതെ പേൻശല്യം ആരെയും ബാധിക്കും.
ആദ്യ കാലത്ത് ഈ ചീപ്പ് ഉണ്ടാക്കിയിരുന്നത് പോത്തിന്റെയും എരുമയുടെയും കൊമ്പ് കൊണ്ടായിരുന്നു. ഒരു തലമുറ ഉപയോഗിച്ചത് അടുത്ത തലമുറക്ക് കൈമാറാൻ പോന്ന ഈടും ഉറപ്പും ആ ചീർപ്പിന് ഉണ്ടായിരുന്നു. ഇന്ന് ആ കൊമ്പ് ലഭ്യമല്ല. പകരം എത്തിയതാണ് മൂത്ത കമുകിൻ വാരി. ഗുണം ഒരൽപ്പം കുറഞ്ഞുവെന്ന് സമ്മതിക്കും, പക്ഷേ ദീർഘകാലം ഇതും നിലനിൽക്കും. ആ ഉറപ്പ് കണ്ണൻ നൽകുന്നു
ചെറുതല്ല പരിശ്രമം
കമുകിൻ തടി വിലകൊടുത്ത് വാങ്ങണം. മുറിച്ച് കഷണമാക്കണം. പത്ത് ഇഞ്ച് നീളം, ഒരിഞ്ച് വീതി എന്ന അളവ് മനസ്സിൽ പതിഞ്ഞാകണം ജോലി. ഒരറ്റത്ത് കടുകിട തെറ്റാതെ ചീർപ്പിൻപല്ലുകൾ ഒന്നൊന്നായി ഉടലെടുക്കും. കണക്ക് തെറ്റിയാൽ കളയേണ്ടിവരും.
ഒരു ദിവസം ഇരുപതോളം ചീപ്പുകൾ ഉണ്ടാക്കും. ഒന്നിന് 90 രൂപ. ഒരൊറ്റ ചീപ്പ് ഉണ്ടാക്കാൻ മുട്ടി, ചെറു മഴു, വാൾ ഉൾപ്പെടെ അരഡസൻ ഉപകരണങ്ങൾ വേണം. ഓരോ അടിയും ഓരോ ചീകലും ദശകങ്ങൾ പഴക്കമുള്ള ശീലം.
ഇപ്പോൾ ഇവിടെ അഞ്ചാറ് പേർ മാത്രമാണ് ഈ ജോലി ചെയ്യുന്നത്. ഇവർ കഴിഞ്ഞാൽ പിന്നെ ആരുമില്ല -സമീപത്തെ കച്ചവടക്കാരൻ ഷറഫുദ്ദീൻ പറഞ്ഞു. നാഗർ കോവിൽ നിന്ന് എത്തിയവരാണ് ചീപ്പ് നിർമ്മാതാക്കൾ. കണ്ണന്റെ സഹോദരങ്ങളും ഇവിടെ ജോലി ചെയ്തിരുന്നു. ആ തലമുറയിൽ ഇപ്പോൾ കണ്ണൻ മാത്രമാണ് ഈ രംഗത്തുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |