മാഹി: പുതുച്ചേരി സർക്കാരിന്റെ ആയുഷ് വകുപ്പിന് കീഴിലുള്ള ഇന്ത്യൻ സിസ്റ്റം ഒഫ് മെഡിസിൻ (ഐ.എസ്.എം) വിഭാഗത്തിലെ ഡോക്ടർമാർക്ക് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. ആയുർവേദ, ഹോമിയോപ്പതി വിഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്ന 28 ഡോക്ടർമാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
ഫണ്ടിന്റെ അഭാവമല്ല ശമ്പളവിതരണം തടസ്സപ്പെടാൻ കാരണമെന്നും, ഓരോ 120 ദിവസത്തിലും നിർബന്ധമായും പൂർത്തിയാക്കേണ്ട റിന്യൂവൽ നടപടികൾ യഥാസമയം നടത്താത്തതാണ് പ്രശ്നത്തിന് പിന്നിലെന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്.
ശമ്പളം ലഭിക്കാതിരുന്നിട്ടും ഡോക്ടർമാർ സേവനം തുടരുകയാണ്. ജോലി നിർത്തിയാൽ വിവിധ ആയുഷ് ആശുപത്രികളുടെയും ചികിത്സാകേന്ദ്രങ്ങളുടെയും പ്രവർത്തനം തന്നെ താളം തെറ്റുമെന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. രോഗികളുടെ ചികിത്സ മുടങ്ങാതിരിക്കാൻ വ്യക്തിപരമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിച്ചുകൊണ്ടാണ് ഡോക്ടർമാർ ജോലി ചെയ്യുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
തുടർച്ചയായി മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തത് കുടുംബച്ചെലവുകൾ ഉൾപ്പെടെയുള്ള ദൈനംദിന ആവശ്യങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |