തഴവ: പകൽച്ചൂട് ക്രമാതീതമായി ഉയർന്നതോടെ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിൽ. വെച്ചൂർ, പെരിയാർ തുടങ്ങിയ നാടൻ ഇനങ്ങളുൾപ്പടെ കറവപ്പശുക്കളിലും എരുമകളിലും പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു. 25 ലിറ്ററിന് മുകളിൽ പ്രതിദിന ഉത്പാദനശേഷിയുണ്ടായിരുന്ന സങ്കരയിനം പശുക്കളിലും നാല് മുതൽ ആറ് ലിറ്റർ വരെ കുറവുണ്ടായതായി കർഷകർ പറയുന്നു.
ചൂടിൽ നിന്ന് കന്നുകാലികളെ സംരക്ഷിക്കാൻ പകൽ സമയത്ത് തണലിൽ കെട്ടിയിടുകയും ശരീരം വെള്ളമൊഴിച്ച് തണുപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനം ലഭിക്കുന്നില്ല. വിവിധയിനം പുല്ലുകൾ തീറ്റയിൽ ഉൾപ്പെടുത്തിയും കുടിവെള്ളത്തിന്റെ അളവ് വർദ്ധിപ്പിച്ചും ഉത്പാദനം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളും ഫലം കാണുന്നില്ല.
വെള്ളരി, കുമ്പളങ്ങ തുടങ്ങിയ ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ കൂടുതൽ അളവിൽ നൽകുന്നത് കന്നുകാലികൾക്ക് ചൂടിനെ അതിജീവിക്കാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ കിലോഗ്രാമിന് 60 രൂപയ്ക്ക് മുകളിൽ വിലയുള്ള വെള്ളരി വലിയ അളവിൽ വാങ്ങി നൽകുന്നത് കർഷകർക്ക് അധിക സാമ്പത്തിക ബാദ്ധ്യതയാകുകയാണ്.
പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ ക്ഷീരകർഷകരുടെ നിലനിൽപ്പിന് അടിയന്തര ആശ്വാസപദ്ധതി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
കാലിത്തീറ്റയും കടം പറയണം
കാലിത്തീറ്റ വില ക്രമാതീതമായി ഉയരുന്നത് പ്രതിസന്ധി ഇരട്ടിയാക്കി
ആറുമാസത്തിനിടെ രണ്ടുതവണയായി 50 രൂപയുടെ വർദ്ധന
നിലവിൽ 50 കിലോഗ്രാമിന്റെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് ക്ഷീര സഹകരണ സംഘങ്ങൾ വഴി 1430 രൂപ നൽകണം
വേനൽ കടുത്തതോടെ പതിവിലധികം തവണ കന്നുകാലികൾക്ക് കാടി നൽകേണ്ടിവരുന്നത് ചെലവ് വർദ്ധിപ്പിച്ചു
പുല്ലുൾപ്പടെയുള്ള തീറ്റ പുറത്തുനിന്ന് വിലകൊടുത്ത് വാങ്ങേണ്ടിവരുന്നു
കടുത്ത വേനലിൽ ക്ഷീരമേഖലയിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതി
ശരാശരി ഒന്നര ലിറ്റർ പാൽ പ്രതിദിനം ചുരത്തിയിരുന്ന ചില നാടൻ പശുക്കളുടെ ഉത്പാദനം ചൂട് കടുത്തതോടെ ഒരു ഗ്ലാസ് പാലായി ചുരുങ്ങി. സങ്കരയിനം പശുക്കളുടെ അവസ്ഥയും സമാനമാണ്.
ക്ഷീര കർഷകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |