കൊല്ലം: പാർക്കിൻസൺസ് രോഗബാധിതന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തിയതോടെ അറസ്റ്റിലായ ഭാര്യയെ റിമാൻഡ് ചെയ്തു. പോരുവഴി ചാത്താകുളം ജിജി ഭവനിൽ ജോസ് ഡാനിയേൽ (64, അലക്‌സ്) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ മറിയാമ്മ ജോസിനെ (59) അറസ്റ്റ് ചെയ്തത്. സംസ്‌കാരശേഷം ചെന്നൈയിലേക്ക് പോയ മറിയാമ്മയെ അവിടെയെത്തിയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 20ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. ജോസിനെ മരിച്ച നിലയിൽ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തെന്ന് ആശുപത്രി അധികൃതരെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു.
എന്നാൽ കഴുത്തിലെ പാടുകളിലും ശരീരത്തിലെ മുറിവുകളിലും സംശയം തോന്നിയ ഡോക്ടർ പൊലീസിൽ വിവരം അറിയിച്ചു. മൃതദേഹ പരിശോധനയുടെയും ഫൊറൻസിക് പരിശോധനയുടെയും ഫലങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.
ജോസും മറിയാമ്മയും മാത്രമാണ് ചാത്താകുളത്തെ വീട്ടിലുണ്ടായിരുന്നത്. കഴുത്തിൽ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ ശേഷം, ജോസ് ആത്മഹത്യ ചെയ്‌തെന്ന് വരുത്തുകയായിരുന്നു. സംസ്‌കാര ശേഷം ചെന്നൈയിലേക്ക് പോയ മറിയാമ്മ അവിടെ മകന്റെ സുഹൃത്തിന്റെ സ്ഥാപനത്തിൽ കഴിയുകയായിരുന്നു. ഫോൺ രേഖകൾ പരിശോധിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം മറിയാമ്മയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുറ്റം സമ്മതിക്കാതെ മറിയാമ്മ
ചോദ്യം ചെയ്യലിൽ മറിയാമ്മ കൊലപാതകം സമ്മതിച്ചിട്ടില്ല. താൻ പുറത്തുപോയി മടങ്ങിവന്നപ്പോൾ ഭർത്താവ് സിറ്റ് ഔട്ടിലെ ഗ്രില്ലിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് വള്ളിയിൽ കുരുങ്ങി മരിച്ചുകിടക്കുകയായിരുന്നുവെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ്. അടൂർ തുവയൂർ ആനമുക്ക് സ്വദേശിയായ ജോസ് രണ്ട് വർഷമായി പാർക്കിൻസൺസ് രോഗം ബാധിച്ച് ചികിത്സയിലാണ്. ഭർത്താവിനെ പരിചരിക്കുന്നതിൽ മറിയാമ്മ നേരിട്ട ബുദ്ധിമുട്ടുകളും ഇവർ തമ്മിലുള്ള പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |