കൊല്ലം: രണ്ടര വർഷം മുമ്പ് ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നിർമ്മിച്ച സിന്തറ്റിക് ട്രാക്ക്, വിവാദങ്ങൾക്ക് പിന്നാലെ ഇളകിത്തുടങ്ങി. ട്രാക്ക് പലയിടത്തും കുമിളകൾ പോലെ പൊങ്ങിനിൽക്കുകയും ഇളകി മാറിയിട്ടുമുണ്ട്. സ്പൈക്ക്സ് ധരിച്ച് താരങ്ങൾ ഓടുമ്പോൾ ട്രാക്ക് ഇളകുന്ന സ്ഥിതിയാണ്. നൂറ് മീറ്റർ ഓട്ടത്തിന്റെ സ്റ്റാർട്ടിംഗിലും ട്രാക്ക് തകർന്നു.
ദേശീയമീറ്റിന് വേദിയാകേണ്ട സ്റ്റേഡിയത്തിന്റെ ഈ അവസ്ഥ കായികരംഗത്തും ആശങ്കയുയർത്തുന്നുണ്ട്. തകരാർ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ അടുത്തവർഷം നടക്കാനിരിക്കുന്ന ജൂനിയർ ദേശീയ അത്‌ലറ്റിക്സ് മീറ്റിന് കൊല്ലത്തിന് വേദി നഷ്ടമായേക്കും.
ഒളിമ്പ്യൻ സുരേഷ് ബാബു സ്മാരക ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന്റെ ഭാഗമായാണ് ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിലും സിന്തറ്റിക് ട്രാക്ക് ഒരുക്കിയത്. പദ്ധതിയുടെ ആകെ ചെലവ് 42 കോടിയായിരുന്നു. വികസനപ്രവർത്തനങ്ങൾക്ക് അടച്ച സ്റ്റേഡിയം നിർമ്മാണം പൂർത്തിയായിട്ടും ഒരു വർഷത്തോളം തുറന്നിരുന്നില്ല. വിവാദങ്ങൾക്കൊടുവിലാണ് അന്നത്തെ കായികമന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തത്.
തുടർന്ന് ഇൻവിറ്റേഷൻ മീറ്റ്, മിനി അത്‌ലറ്റിക്സ്, സീനിയർ സംസ്ഥാന മീറ്റ്, ജൂനിയർ സംസ്ഥാന മീറ്റ് എന്നിവയുൾപ്പടെ നാല് പ്രധാന മത്സരങ്ങൾ നടന്നു. എന്നിട്ടും സ്റ്റേഡിയത്തിന്റെ കൈമാറ്റം ഇതുവരെ പൂർത്തിയായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |