SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.08 PM IST

വേമ്പനാട്ടുകായലിലെ കക്ക സമ്പത്തിൽ ഇടിവ്

kaka

കോട്ടയം : വേമ്പനാട്ടുകായലിലെ കക്ക സമ്പത്ത് വൻതോതിൽ കുറയുന്നതായി കുട്ടനാട് കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ പഠനറിപ്പോർട്ട്. ബണ്ടിന്റെ വടക്കു ഭാഗത്ത് ആഴത്തിൽ മണ്ണ് വാരുന്നത് കക്കകളുടെ ആവാസ വ്യവസ്ഥയെ ബാധിച്ചു. ഓരുവെള്ളത്തിന്റെ വരവ് കുറഞ്ഞതും മാലിന്യം കൂടിയതും കക്കയുടെ പ്രജനനത്തെ ബാധിച്ചതോടെ ലഭ്യത കുറഞ്ഞു. 40000 ടൺ കക്ക ഒരുവർഷത്തിൽ ലഭിച്ചത് 25000 ൽ താഴെയായി. ഇതോടെ കക്കവാരി ഉപജീവനം നടത്തിയിരുന്ന തൊഴിലാളികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. കക്ക നീറ്റി കുമ്മായമാക്കുന്ന സംഘങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കുമരകം, വൈക്കം പ്രദേശത്ത് കക്കയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളും ദുരിതത്തിലാണ്. ഫെബ്രുവരി മുതൽ ആഗസ്റ്റ് വരെയാണ് കക്കകളുടെ പ്രജനനകാലം.

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ രണ്ടാം കൃഷിക്കായി ഡിസംബർ 15 മുതൽ മാർച്ച് 15 വരെ അടച്ചിടാറുണ്ട് .കൊയ്ത്ത് പൂർത്തിയാകാതെ വരുമ്പോൾ ഷട്ടറുകൾ തുറക്കുന്നത് അഞ്ചുമാസത്തിലേറെ നീളും. ബണ്ടിനിപ്പുറത്ത് ഓരുവെള്ളം ഇല്ലാത്തത് കക്കയുടെ പ്രജനനത്തെ ബാധിച്ചു. ദിവസം 15 പാട്ട കക്കവരെ കിട്ടിയിരുന്നത് ഒന്നും രണ്ടും പാട്ടവരെയായി കുറഞ്ഞു.

മണൽവാരലും, മലിനീകരണവും വില്ലൻ

ദേശീയപാത നിർമ്മാണത്തിനായി കായലിൽ നിന്ന് മണൽ വൻതോതിൽ ഡ്രഡ്ജിംഗ് നടത്തിയത് കക്കയുടെ പ്രജനനത്തെ ബാധിച്ചു. മണലിനൊപ്പം വാരിയെടുത്ത എക്കൽ മണൽ ശുദ്ധീകരിച്ച ശേഷം കായലിലേക്ക് തിരിച്ചെത്തി. വേലിയേറ്റത്തിൽ കായലിലേക്ക് ഓരുവെള്ളം കയറുമ്പോൾ ലാർവ രൂപപ്പെട്ട് വെള്ളത്തിന് മുകളിൽ പാടയാകും. ഇത് കനംവച്ച് അടിത്തട്ടിലേക്ക് വീഴുമ്പോഴാണ് കക്കയായി രൂപപ്പെടുന്നത്. രണ്ടു വർഷത്തിലേറെയായി കക്കവീഴുന്നില്ലെന്നും ലഭ്യത വളരെ കുറഞ്ഞെന്നുമാണ് തൊഴിലാളികൾ പറയുന്നത്. കായൽ മലിനീകരണത്തിനൊപ്പം വളർച്ചയെത്താത്ത മല്ലികക്ക വാരുന്നതും പ്രജനനത്തെ ബാധിച്ചു.

''തണ്ണീർമുക്കം ബണ്ടിന്റെ വടക്കു ഭാഗത്ത് ഇനിയും ആഴത്തിൽ മണൽവാരൽ തുടർന്നാൽ കടൽ വെള്ളത്തിന്റെ കടന്നു കയറ്റം വർദ്ധിക്കും. ലവണാംശം കൂടി കക്കകളുടെ പ്രജനനം ഗണ്യമായി കുറയാൻ സാദ്ധ്യതയുണ്ട്.

-ഡോ.കെ.ജി പത്മകുമാർ, കുട്ടനാട് കാർഷിക ഗവേഷണ കേന്ദ്രം ഡയറക്ടർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL