SignIn
Kerala Kaumudi Online
Friday, 23 October 2026 6.49 AM IST

മൂവാ​റ്റുപുഴയാറിലും പരിസരത്തും ലോഡ് കണക്കിന് മാലിന്യം തള്ളുന്നു നാട്ടുകാന്റെ പറമ്പിൽ മാലിന്യം തള്ളി: പഞ്ചായത്തിന് മൗനം

maliniyam
ഉദയനാപുരത്ത് സ്വകാര്യ ഭൂമിയിൽ മാലിന്യം തള്ളിയ നിലയിൽ

വൈക്കം: ഉദയനാപുരത്ത് മൂവാ​റ്റുപുഴയാറിലും പരിസരത്തും വൻ തോതിൽ മാലിന്യം തള്ളുന്നതായി പരാതി. മൂവാ​റ്റുപുഴയാറിന്റെ സമീപത്ത് തുരുത്തേപ്പറമ്പിൽ കഴിഞ്ഞ ദിവസം രാത്രി സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഒരു ലോഡ് അഴുകിയ ഹോട്ടൽ മാലിന്യമടക്കമുള്ളവയാണ് തള്ളിയത്. പുഴയിൽ തള്ളാൻ കൊണ്ടുവന്ന മാലിന്യമാണ് മഴയിൽ വാഹനം താഴ്ന്നതോടെ പറമ്പിൽ തള്ളി കടന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തള്ളിയ മാലിന്യം നീക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഉദയനാപുരം പഞ്ചായത്ത് ഉദ്യോഗസ്ഥർ. പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞിട്ടും പഞ്ചായത്ത് സെക്രട്ടറി നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു. അഴുകി ഈച്ചയാർക്കുന്ന മാലിന്യം മഴയിൽ പ്രദേശമാകെ വ്യാപിക്കാനും പുഴയിലേക്ക് ഒഴുകുവാനും സാധ്യത ഏറെയാണ്. എന്നിട്ടും പഞ്ചായത്ത് യാതൊരു നടപടിയും എടുക്കാത്തതിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്. പുഴയുടെ സമീപത്ത് കൂടിയുള്ള മനക്കേ കലുങ്ക് നാനാടം റോഡരുകിലാണ് സ്വകാര്യഭൂമിയിൽ മാലിന്യം തള്ളിയിരിക്കുന്നത്.

ദിവസങ്ങൾക്ക് മുമ്പ് പുഴയുടെ മറുകരയിലെ മറവന്തുരുത്ത് മൂഴിക്കൽ ഭാഗത്ത് വള്ളത്തിൽ കൊണ്ടുവന്ന് ആശുപത്രി മാലിന്യങ്ങൾ അടക്കം തള്ളിയിരുന്നു. പഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലത്തെത്തി മാലിന്യം തള്ളിയവരെ കണ്ടെത്താൻ നടപടി ആരംഭിച്ചിട്ടുണ്ട്. എന്നാൽ ദുർഗന്ധം വമിക്കുന്ന മാലിന്യം നീക്കാൻ നടപടിയില്ല.

മാലിന്യത്തിൽ കൊല്ലത്തെ സ്ഥാപനങ്ങളുടെ രേഖകൾ

രണ്ടാഴ്ചയിലധികമായി രാത്രിയിൽ ലോഡ് കണക്കിന് മാലിന്യം ഇവിടെ മൂവാ​റ്റുപുഴയാറിൽ തള്ളുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഇവരെ പിടികൂടാൻ നാട്ടുകാർ പദ്ധതിയിടുന്നതിനിടെയാണ് കഴിഞ്ഞ രാത്രിയിൽ കനത്ത മഴക്കിടെ മാലിന്യം പറമ്പിൽ തള്ളിയത്.

കൊല്ലത്തുള്ള സ്ഥാപനങ്ങളുടെ രേഖകൾ മാലിന്യത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ദുർഗന്ധം വമിച്ച് ഒഴുകി ഇറങ്ങുന്ന നിലയിലാണ് മാലിന്യം കിടക്കുന്നത്. ദുർഗന്ധം പരന്നതോടെ പ്രദേശത്തുള്ള 25 ഓളം വീട്ടുകാരും ബുദ്ധിമുട്ടിലായിട്ടുണ്ട്.

പഞ്ചായത്ത് അധികൃതർ ജനവിരുദ്ധനിലപാടാണ് സ്വീകരിക്കുന്നത്. പകർച്ചവ്യാധികൾ പടർത്താനിടയാക്കുന്ന മാലിന്യം അടിയന്തിരമായി നീക്കം ചെയ്യണം. അല്ലാത്തപക്ഷം ജനകീയ സമരം സംഘടിപ്പിക്കും.

വി. ബിൻസ്, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL